കേരളീയം മികച്ച പരിപാടി, ബിജെപി ബഹിഷ്കരണത്തെ കുറിച്ച് അറിയില്ല, സമാപന സമ്മേളനത്തിൽ പങ്കെടുത്ത് ഓ രാജഗോപാൽ
കേരളീയം നല്ല പരിപാടിയാണെന്ന് ബിജെപി മുതിർന്ന നേതാവ് ഒ രാജഗോപാൽ.
തിരുവനന്തപുരം: കേരളീയം നല്ല പരിപാടിയാണെന്ന് ബിജെപി മുതിർന്ന നേതാവ് ഒ രാജഗോപാൽ. പ്രധാനപ്പെട്ട പരിപാടി ആയതിനാൽ പങ്കെടുക്കാതിരിക്കുന്നത് എങ്ങനെയെന്നും അദ്ദേഹം കേരളീയം സദസിലെത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി ഗുരുതരം ആരോപണങ്ങൾ ഉന്നയിക്കുകയും ധൂർത്താണെന്ന ആക്ഷേപിക്കുകയും ചെയ്ത് ബഹിഷ്കരിച്ച പരിപാടിയിലാണ് ഒ രാജഗോപാൽ പങ്കെടുത്തത്.
'കേരളീയം പ്രധാനപ്പെട്ട പരിപാടിയല്ലേ. അതിൽ പങ്കെടുക്കണമല്ലോ. മുഖ്യമന്ത്രി നടത്തുന്ന പ്രധാന പ്രഖ്യാപനങ്ങളൊക്കെ ഉള്ള പരിപാടിയാണ്. ബിജെപി ബഹിഷ്കരിക്കുന്നത് എന്തുകൊണ്ടെന്ന് അറിയില്ല.കണ്ണടച്ച് എതിർക്കുന്നവരല്ല. ന്യായമായ കാര്യങ്ങൾ ആര് ചെയ്താലും അതിനെ സ്വാഗതം ചെയ്യും. കമ്മ്യൂണിസ്റ്റ് ആയാലും കോൺഗ്രസായും അതിൽ മാറ്റമില്ലെന്നും'- അദ്ദേഹം പറഞ്ഞു.
കേരളീയം സമാപന പരിപാടിയിൽ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ ഒ രാജഗോപാൽ പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു. ഒ രാജഗോപാലിന്റെ വരവ് പ്രസംഗത്തിൽ പരാമർശിച്ച മുഖ്യമന്ത്രി, അദ്ദേഹത്തെ ചടങ്ങിലേക്ക് പ്രത്യേകം സ്വാഗതം ചെയ്തു. രാജഗോപാലിന്റെ ഇരിപ്പിടത്തിന് സമീപമെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഹസ്തദാനം നൽകുകയും ചെയ്തു.
അതേസമയം, സംസ്ഥാനത്തിന്റെ യശസ്സ് വർധിപ്പിക്കാൻ ഖജനാവിൽ നിന്ന് കോടിക്കണക്കിന് രൂപ ചിലവഴിച്ച് നടത്തിയ കേരളീയം പരിപാടി അവസാനിക്കുമ്പോൾ കേരളത്തിന് തന്നെ അപമാനകരമാവുന്ന പല കാര്യങ്ങളുമാണ് അതിൽ നടന്നിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. നമ്മുടെ നാടിന്റെ തന്നെ ഏറ്റവും വലിയ അഭിമാന സ്തംഭം ആയിട്ടുള്ള ആദിവാസി വിഭാഗങ്ങളെ പച്ചയായി അപമാനിക്കുന്ന നടപടിയാണ് കേരളീയത്തിൽ കണ്ടത്.
ആദിവാസി ഗോത്ര ജനവിഭാഗങ്ങളെ വികൃതമായ രീതിയിൽ വേഷം കെട്ടിച്ച് അവരെ പരസ്യമായി പൊതുസമൂഹത്തിനു മുൻപിൽ അപമാനിക്കുന്ന പ്രകടനമാണ് അവിടെ നടന്നത്. കേരളത്തിലെ ഗോത്ര സമൂഹത്തിന്റെ സ്വത്വത്തിന് നേരെ അവരുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്ന തരത്തിലുള്ള നടപടിയാണ് ഉണ്ടായത്. ഒരു ജനവിഭാഗത്തെ ആകെ ആക്ഷേപിച്ച് പരിഹാസ കഥാപാത്രമാക്കുന്ന നിലപാടാണ് അവിടെ ചിത്രീകരിക്കപ്പെട്ടത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇതിന് സംഘാടകർ ആദിവാസി ഗോത്ര ജനവിഭാഗങ്ങളോട് മാപ്പ് പറയണം എന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു