Asianet News MalayalamAsianet News Malayalam

രജിസ്റ്റര്‍ ചെയ്യാത്തവരെ കേരളത്തിലേക്ക് പ്രവേശിപ്പിക്കില്ല; വയനാട്ടില്‍ നിയന്ത്രണം

കഴിഞ്ഞ ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാതെ എത്തിയവര്‍ക്കും പ്രവേശനം നല്‍കിയിരുന്നു. എന്നാല്‍ ഈ നടപടി നിരീക്ഷണ സൗകര്യങ്ങള്‍ ഒരുക്കുന്നതിനടക്കം പ്രയാസം നേരിട്ട സാഹചര്യത്തിലാണ് നടപടി

keralites from other states without pass cant enter through wayanad
Author
Wayanad, First Published May 8, 2020, 11:33 PM IST

കല്‍പ്പറ്റ: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്യാതെ എത്തുന്നവരെ മുത്തങ്ങ ചെക്ക്പോസ്റ്റ് വഴി വയനാട്ടിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്‍ദുളള അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാതെ എത്തിയവര്‍ക്കും പ്രവേശനം നല്‍കിയിരുന്നു. എന്നാല്‍ ഈ നടപടി നിരീക്ഷണ സൗകര്യങ്ങള്‍ ഒരുക്കുന്നതിനടക്കം പ്രയാസം നേരിട്ട സാഹചര്യത്തിലാണ് നടപടി.

കൃത്യമായ വിവരങ്ങള്‍ കൈമാറാതെ  നിരവധി പേര്‍ അതിര്‍ത്തിയിലെത്തിയത് കാരണം കഴിഞ്ഞ രാത്രി പുലരുവോളം താല്‍ക്കാലിക ആശുപത്രി പരിസരം ജനത്തിരക്കിലമര്‍ന്നിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ അപ്പാടെ ലംഘിച്ചായിരുന്നു ഇവിടെ ജനമെത്തിയത്. രജിസ്റ്റര്‍ ചെയ്യാതെ ആളുകള്‍ വരുന്നത് പരിശോധന കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് ഭീഷണിയാകുന്നുണ്ട്.

കൃത്യമായ സാമൂഹ്യഅകലം പാലിക്കാതെ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് രോഗവ്യാപനത്തിന് സാധ്യത കൂട്ടും. അതിനാല്‍ അനുവദിക്കപ്പെട്ട സമയത്ത് മാത്രമെ യാത്രക്കാര്‍ എത്താന്‍ പാടുളളുവെന്നും കളക്ടര്‍ പറഞ്ഞു. കൊവിഡ് 19 ജാഗ്രത പാസ് ഉപയോഗിച്ചാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും പ്രവേശനം അനുവദിക്കുന്നത്.  ഏതെങ്കിലും സാഹചര്യത്തില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം ലഭ്യമായില്ലെങ്കില്‍ മറ്റ് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനായി യാത്രക്കാര്‍ പ്രത്യേകം വാഹനപാസിന്  അപേക്ഷിക്കണം.

കര്‍ണ്ണാടക സര്‍ക്കാറിന്റെ സേവാസിന്ധു പാസില്‍ രജിസ്റ്റര്‍ ചെയ്യാതെ  എത്തുന്ന വാഹനങ്ങളെ തിരിച്ച് പോകാന്‍ അവര്‍ അനുവദിക്കുന്നില്ല. അതിനാല്‍  റിട്ടേണ്‍ പെര്‍മിറ്റ് ഇല്ലാതെ എത്തുന്ന കര്‍ണ്ണാടക ടാക്സികളെയും സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കില്ല.  മൂലഹളള ചെക്ക് പോസ്റ്റില്‍ വെച്ചാണ് ഇനി മുതല്‍ പരിശോധന നടക്കുക. രജിസ്ട്രേഡ് വാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചിട്ടുള്ള ആയിട്ടുളള ആളുകള്‍ എത്തിയാല്‍ അവരെ പരിശോധനക്ക് ശേഷം കടത്തിവിടും.

രജിസ്റ്റര്‍ ചെയ്ത ആളുകള്‍ രജിസ്റ്റര്‍ ചെയ്യാത്ത വാഹനത്തില്‍ എത്തുകയാണെങ്കില്‍ വാഹനം അതിര്‍ത്തിയില്‍ യാത്ര അവസാനിപ്പിക്കണം. ഇവര്‍ക്ക് അതിര്‍ത്തിയില്‍ നിന്നും പരിശോധനകള്‍ക്ക് ശേഷം സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ടാക്സിയില്‍ യാത്ര തുടരാം. രജിസ്റ്റര്‍ ചെയ്യാത്ത ആളുകള്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തില്‍ എത്തിയാലും സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കില്ല. മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപത്തെ മിനി ആരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. മുത്തങ്ങ ചെക്‌പോസ്റ്റ് വഴി ഇന്ന് 386 പേരാണ് എത്തിയത്.  

Follow Us:
Download App:
  • android
  • ios