പേരാവൂര്‍ (കണ്ണൂര്‍): നിര്‍ധന യുവതിയുടെ വിവാഹത്തിന് സദ്യയൊരുക്കാന്‍ സൂക്ഷിച്ച ഭക്ഷണസാധനങ്ങളിലും കിണറ്റിലും മണ്ണെണ്ണ ഒഴിച്ച് സാമൂഹിക വിരുദ്ധരുടെ ക്രൂരത. കണ്ണൂര്‍ പേരാവൂരിലെ മേല്‍ മുരിങ്ങോടി ആനക്കുഴിയിലെ നാലു സെന്‍റ് കോളനിയിലെ കിഴക്കേടത്ത് സീമയുടെ മകളുടെ വിവാഹം ഇന്നാണ് നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് സദ്യ തയ്യാറാക്കാന്‍ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കള്‍ വെള്ളിയാഴ്ച രാത്രി നശിപ്പിക്കുകയായിരുന്നു. 

ആനക്കുഴി സാംസ്കാരിക കേന്ദ്രത്തിലൊരുക്കിയ കല്യാണ മണ്ഡപത്തിലും അലങ്കാരങ്ങളിലും കരിഓയില്‍ ഒഴിച്ച് നശിപ്പിക്കുകയും ചെയ്തു. പാചകം ചെയ്യാന്‍ ആവശ്യമായ സാധനങ്ങള്‍ സൂക്ഷിച്ച ചാക്കുകള്‍ തുളച്ച ശേഷമാണ് മണ്ണെണ്ണ ഒഴിച്ചത്. മണ്ഡപത്തിലേക്ക് വെള്ളം എടുത്തിരുന്ന സമീപത്തെ നിരപ്പേല്‍ തങ്കച്ചന്‍റെ കിണറ്റിലും മണ്ണെണ്ണയൊഴിച്ചു. വിവാഹ ഒരുക്കങ്ങള്‍ക്കായി നാട്ടുകാര്‍ ഇവിടെ ഒത്തുചേര്‍ന്നിരുന്നു. അവര്‍ പോയ ശേഷമാണ് അക്രമം നടന്നത്. പിന്നീട് നാട്ടുകാര്‍ തന്നെ ഇടപെട്ട് ഒരുക്കങ്ങള്‍ വീണ്ടും പൂര്‍ത്തിയാക്കി.