Asianet News MalayalamAsianet News Malayalam

ഖഫീൽ ഖാൻ വിവാദം: മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾ പ്രഖ്യാപിച്ച സമരം പിൻവലിച്ചു

ആരോഗ്യ മന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം. കോളേജ് യൂണിയൻ ചെയർമാന്റെ സസ്പെൻഷൻ പിൻവലിക്കും. ഘരാവോ ചെയ്തപ്പോൾ മോശമായി പെരുമാറിയതിന് പ്രിൻസിപ്പലിനോട് വിദ്യാർത്ഥികൾ ക്ഷമാപണം നടത്തും

khafeel khan controversy medical college students call off protest
Author
Kozhikode, First Published Mar 9, 2019, 5:10 PM IST

കോഴിക്കോട്: ഖഫീൽ ഖാൻ വിവാദത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾ പ്രഖ്യാപിച്ച സമരം പിൻവലിച്ചു. ആരോഗ്യ മന്ത്രി കെ കെ ഷൈലജയുടെ അധ്യക്ഷതയില്‍ നടത്തിയ ചർച്ചയിലാണ് തീരുമാനം. കോളേജ് യൂണിയൻ ചെയർമാന്റെ സസ്പെൻഷൻ പിൻവലിക്കും. ഘരാവോ ചെയ്തപ്പോൾ മോശമായി പെരുമാറിയതിന് പ്രിൻസിപ്പലിനോട് വിദ്യാർത്ഥികൾ ക്ഷമാപണം നടത്തും. ചൊവ്വാഴ്ച നടക്കുന്ന കോർ കമ്മിറ്റി യോഗത്തിൽ വിദ്യാർത്ഥികൾ ക്ഷമാപണം നടത്തും. 

ഒരു വര്‍ഷം മുന്‍പ് മെഡിക്കൽ കോളജിൽ കഫീൽ ഖാൻ പങ്കെടുത്ത പരിപാടിയിൽ രാജ്യദ്രോഹമാരോപിച്ച് ബി ജെ പി രംഗത്തെത്തിയിരുന്നു. ഇതിൽ എച്ച് ഡി എസ് ആവശ്യപ്പെട്ടതനുസരിച്ച് പ്രിൻസിപ്പൽ പരാതി കമ്മീഷണർക്ക് കൈമാറിയിരുന്നു. ഈ നടപടിയില്‍ പ്രതിഷേധിച്ച് പ്രിൻസിപ്പലിനെ ഉപരോധിച്ചതിനായിരുന്നു സസ്പെൻഷൻ. അന്വേഷണ കാലാവധി തീരും വരെയായിരുന്നു സസ്പെൻഷൻ തീരുമാനിച്ചിരുന്നത്. 

യുപിയിലെ ശിശുരോഗ വിദഗ്ദൻ ഡോക്ടർ കഫീൽ ഖാന്‍ കോഴിക്കോട് മെഡിക്കൽ കോളജിൽ സന്ദര്‍ശനം നടത്തി ഒരു വർഷത്തിന് ശേഷമാണ് ഈ സന്ദര്‍ശനം വിവാദമായത്. യൂണിയന്‍ പരിപാടിയിൽ കഖീൽ ഖാൻ പങ്കെടുത്തതിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. കഴിഞ്ഞ വർഷം മെയ് മാസം  കോഴിക്കോട് മെഡിക്കൽ കോളജ് യൂണിയൻ നടത്തിയ പരിപാടിയിലാണ് ഡോക്ടർ കഫീൽ ഖാന്‍ പങ്കെടുത്തത്. ഈ ചടങ്ങ് രാജ്യദ്രോഹപരമാണെന്ന് ആരോപണമുന്നയിച്ച് ബിജെപി ആശുപത്രി വികസന സമിതിക്ക് പരാതി കൊടുക്കുകയും പ്രിൻസിപ്പൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. എന്നാൽ പരിപാടി നടന്ന് ഒരു വർഷം തികയാറായപ്പാൾ പ്രിൻസിപ്പലിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ബിജെപി വീണ്ടും രംഗത്തെത്തുകയായിരുന്നു.

സിപിഎം ജില്ലാ സെക്രട്ടറി ചെയർമാനായ ആശുപത്രി വികസന സമിതിയിലായിരുന്നു സിറ്റി പൊലീസ് ചീഫ് സംഭവം അന്വേഷിക്കണം എന്ന ആവശ്യമുയർന്നത്. ആവശ്യം സമിതി അംഗീകരിച്ചു. ചടങ്ങ് രാജ്യദ്രോഹപരമാണെന്ന് ആർക്കെങ്കിലും ആരോപണമുണ്ടെങ്കിൽ അന്വേഷണം നടക്കട്ടെ എന്ന നിലപാടാണ് സിപിഎമ്മിന്‍റേതെന്ന് ജില്ലാ സെക്രട്ടറി പി മോഹനൻ വിശദമാക്കി. പരാതി നൽകാന്‍ തീരുമാനിച്ച ആശുപത്രി വികസന സമിതിയുടെയും പ്രിൻസിപ്പലിന്‍റെയും നടപടിയിൽ പ്രതിഷേധിച്ച് കോളജ് യൂണിയന്‍റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഈ പ്രതിഷേധ പ്രകടനത്തിന് ഇടയില്‍ പ്രിൻസിപ്പലിനെ ഉപരോധിച്ചതിനാണ് കോഴിക്കോട് മെഡിക്കൽ കോളജ് യൂണിയൻ ചെയർമാന് സസ്പെൻഷൻ. 

Follow Us:
Download App:
  • android
  • ios