പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയ യുവാവിനെ കിളികൊല്ലൂര്‍ പൊലീസ് പിടികൂടി

കൊല്ലം: പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയ യുവാവിനെ കിളികൊല്ലൂര്‍ പൊലീസ് പിടികൂടി. കൊറ്റങ്കര പേരൂര്‍ തൊട്ടാവാടി വീട്ടില്‍ ബിജു (39) ആണ് പൊലീസ് പിടിയിലായത്. കൂട്ടുകാരികള്‍ക്കൊപ്പം വനിതാ ഹോസ്റ്റലില്‍ നിന്നും ജംഗ്ഷനിലേക്ക് വന്ന പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കയറിപ്പിടിക്കുകയായിരുന്നു. 

സംഭവത്തിന് പിന്നാലെ പെണ്‍കുട്ടികള്‍ ഉറക്കെ നിലവിളിച്ചു. ആളുകൾ കൂടിയതോടെ യുവാവിനെ നാട്ടുകാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് തടഞ്ഞുവയ്ക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തു. 

തുടര്‍ന്ന് പൊലീസ് കരിക്കോട് റെയില്‍വേട്രാക്കിന് സമീപം നാട്ടുകാര്‍ തടഞ്ഞുവച്ച യുവാവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ കെ.വിനോദിന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അനീഷ്.എ.പി, സ്വാതി. വി, മധു, ജയന്‍ കെ സക്കറിയ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടി റിമാൻഡ് ചെയ്തു.

പീഡനശ്രമം ചെറുത്ത യുവതിയെ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്കെറിഞ്ഞു, യുവാവിനെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

ഭോപ്പാൽ: പീഡനശ്രമം (Rape Attempt) ചെറുത്തതിന് യുവതിയെ ഓടുന്ന ട്രെയിനിൽ (Train) നിന്ന് സഹയാത്രികൻ പുറത്തേക്കെറിഞ്ഞു. മധ്യപ്രദേശിലെ (Madhyapradesh) ഛത്തർപൂർ ജില്ലയിലെ ഖജുരാഹോയ്ക്ക് സമീപത്താണ് ഉത്തർപ്രദേശ് സ്വദേശിയായ 25 കാരിക്ക് നേരെ അതിക്രമം നടന്നത്. ബുധനാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. ഇതോടെ യുവതിയെ യുവതിയെ ഛത്തർപൂരിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. 

പീഡനശ്രമത്തെ എതിർത്തതിനെത്തുടർന്ന് സ്ത്രീയെ ഒരു പുരുഷ സഹയാത്രികൻ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിഞ്ഞുവെന്ന പരാതി ലഭിച്ചതായി ജബൽപൂരിലെ ഗവൺമെന്റ് റെയിൽവേ പൊലീസ് (ജിആർപി) സൂപ്രണ്ട് (എസ്പി) വിനായക് വെർമ ​​പിടിഐയോട് പറഞ്ഞു. ഏപ്രിൽ 27ന് രാത്രി ഖജുരാഹോ - മഹോബ സ്റ്റേഷനുകൾക്കിടയിലുള്ള പാസഞ്ചർ ട്രെയിനിലാണ് സംഭവം നടന്നത്. 

പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറസ്റ്റ് ചെയ്യാനൊരുങ്ങുകയാണെന്നും വെർമ കൂട്ടിച്ചേർത്തു. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ ബാഗേശ്വർ ധാം ക്ഷേത്രം സന്ദർശിച്ച ശേഷം ട്രെയിനിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉത്തർപ്രദേശിലെ ബന്ദ ജില്ലക്കാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്.

സംഭവത്തിന് ശേഷം ഖജുരാഹോ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും പിന്നീട് നടപടിക്കായി ജിആർപിയിലേക്ക് മാറ്റുകയും ചെയ്തുവെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. കൂടുതൽ അന്വേഷണത്തിനായി പരാതി രേവ ജിആർപി സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഖജുരാഹോയ്ക്ക് സമീപമുള്ള രാജ്‌നഗർ പട്ടണത്തിന് സമീപമാണ് സംഭവം നടന്നതെന്ന് ഇപ്പോൾ ഛത്തർപൂരിൽ ചികിത്സയിൽ കഴിയുന്ന യുവതി പറഞ്ഞു. "ഞാൻ ബാഗേശ്വർ ധാമിലെ (ഛത്തർപൂരിലെ) ക്ഷേത്രത്തിൽ എത്തി. ഒരു സഹയാത്രികൻ എന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു. അയാളുടെ ശ്രമങ്ങളെ ഞാൻ എതിർത്തു. അയാളോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. ആക്രമണം ചെറുക്കാനുള്ള ശ്രമത്തിൽ ഞാൻ അയാളുടെ കയ്യിൽ കടിച്ചു. അയാൾ രാജ്നഗറിന് സമീപം വച്ച് ഓടുന്ന ട്രെയിനിൽ നിന്ന് എന്നെ പുറത്തേക്ക് തള്ളിയിട്ടു" യുവതി പറഞ്ഞു. ഏകദേശം 30 വയസ്സിനോട് അടുത്ത് പ്രായമുള്ളയാളാണ് തന്നെ ആക്രമിച്ചതെന്നും യുവതി വ്യക്തമാക്കി.