കെട്ടിടം പണിക്കിടെ മദ്യപിച്ച് വഴക്കുണ്ടാക്കുന്ന വീഡിയോ ദൃശ്യങ്ങൾ ചെല്ലമണിയുടെ ഫോണിൽ നിധീഷ് ചിത്രീകരിച്ച് കോണ്‍ട്രാക്ടര്‍ക്ക് അയച്ച് കൊടുത്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്.
തിരുവനന്തപുരം: കിളിമാനൂരിൽ നിർമ്മാണത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ. കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ പുതിയ കെട്ടിടം പണിക്ക് എത്തിയ എറണാകുളം ഏലൂർ പാതാളം സ്വദേശി ചെല്ലമണി (40) കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളാണ് പിടിയിലായത്. കെട്ടിടം പണിക്കെത്തിയ എറണാകുളം, പാതാളം തമിഴ്നാട് സ്വദേശികളായ മുരുകൻ (37), കൃഷ്ണൻ (38) എന്നിവരാണ് പൊലീസ് പിടിയിലായത്. സംഭവ സമയം ചെല്ലമണിയുടെ ഒപ്പമുണ്ടായിരുന്നനിധീഷ് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കെട്ടിടം പണിക്കിടെ മദ്യപിച്ച് വഴക്കുണ്ടാക്കുന്ന വീഡിയോ ദൃശ്യങ്ങൾ ചെല്ലമണിയുടെ ഫോണിൽ നിധീഷ് ചിത്രീകരിച്ച് എറണാകുളത്തുള്ള കോൺട്രാക്ടർക്ക് വാട്സാപ്പിൽ അയച്ചു കൊടുത്തതിനുള്ള വിരോധത്തിലാണ് പ്രതികൾ കൃത്യം നിർവഹിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതര മണിക്ക് പഞ്ചായത്ത് ഓഫീസിനു മുൻവശത്ത് വച്ച് ചെല്ലമണിയെ കൊലപ്പെടുത്തിയത്.
കൃത്യത്തിനു ശേഷം പ്രതികൾ തമിഴ്നാട്ടിലേക്ക് ഒളിവിൽ പോകുന്നതിനു വേണ്ടി വർക്കല റെയിൽവേ സ്റ്റേഷനിൽ എത്തിയ സമയമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡി വൈ എസ് പി പി വി ബേബിയുടെ നിർദ്ദേശാനുസരണം കിളിമാനൂർ സി ഐ കെ ബി മനോജ് കുമാർ, എസ് ഐമാരായ എസ് അഷറഫ്, ടി കെ ഷാജി, സുരേഷ് കുമാർ, എ എസ് ഐ റാഫി, സി പി ഒ മാരായ റിയാസ്, അജോ, ബിനു, റെജിമോൻ. എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
