കിളിമാനൂര്‍: ബംപര്‍ അടിച്ച പണം കൊണ്ട് വാങ്ങിയ ഭൂമിയില്‍ കൃഷി ചെയ്യാനെത്തിയ മുന്‍ പഞ്ചായത്ത് അംഗത്തെ കാത്തിരുന്നത് നിധി. കിളിമാനൂർ വെള്ളല്ലൂര്‍ കീഴ്‌പേരൂര്‍ രാജേഷ് ഭവനില്‍ ബി രത്‌നാകരന്‍ പിള്ളയ്ക്കാണ് പുരയിടത്തില്‍ നിന്ന് നിധി ലഭിച്ചത്.

കീഴ്‌പേരൂര്‍ തിരുപാല്‍ക്കടല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപത്തെ പുരയിടത്തില്‍ നിന്നാണ് രണ്ട് കുടത്തിലടച്ച നിലയില്‍ പുരാതനകാലത്തെ നാണയങ്ങള്‍ ലഭിച്ചത്. 

മണ്‍കുടത്തില്‍ അടച്ച നിലയില്‍ കണ്ടെത്തിയ നിധിയില്‍ 20കിലോയോളം വരുന്ന നാണയ ശേഖരമാണ് ഉള്ളത്. ചില നാണയങ്ങളില്‍ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിന്റെ മുഖചിത്രവും ബാലരാമവര്‍മ മഹാരാജ ഓഫ് ട്രാവന്‍കൂര്‍ എന്ന് ഇംഗ്ലിഷില്‍ രേഖപ്പെടുത്തലുമുണ്ട്.

കേരള സര്‍ക്കാര്‍ ലോട്ടറിയുടെ 2018ലെ ക്രിസ്മസ് പുതുവര്‍ഷ ബംപര്‍ സമ്മാനം കിട്ടിയ തുകകൊണ്ടാണ് രത്‌നാകരന്‍ പിള്ള ഈ പുരയിടം വാങ്ങിയത്. തിരുപാല്‍ക്കടല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും കവടിയാര്‍ കൊട്ടാരവുമായി ബന്ധമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

നാണയ ശേഖരം കണ്ടെത്തിയതിന് പിന്നാലെ വിവരം പൊലീസിനെയും പുരാവസ്തു വകുപ്പിനേയും രത്നാകരന്‍ പിള്ള അറിയിച്ചിരുന്നു. പുരാവസ്തു വകുപ്പു സ്ഥലത്ത് എത്തി കൂടുതൽ പരിശോധനയ്ക്കായി നാണയശേഖരം ഏറ്റുവാങ്ങി. നാണയങ്ങള്‍ ക്ലാവ് പിടിച്ച നിലയിലാണ് ഉള്ളത്.

അതിനാല്‍ വിശദമായ പരിശോധനയിലേ നാണയങ്ങളുടെ പഴക്കം നിര്‍ണയിക്കാന്‍ സാധിക്കുവെന്നാണ് പുരാവസ്തു വകുപ്പ് വിശദമാക്കുന്നത്. മറ്റൊരാളില്‍ നിന്ന് വാങ്ങിയ 27 സെന്‍റ് ഭൂമി  കൃഷിയാവശ്യത്തിനായി  കിളയ്ക്കുന്നതിന് ഇടയിലാണ് കുടത്തില്‍ അടച്ച നിലയില്‍ നാണയങ്ങള്‍ കണ്ടെത്തിയത്.