നിലമ്പൂർ: കേരള-തമിഴ്നാട് വനങ്ങളിൽ അക്രമം വിതച്ച കൊലയാളി കൊമ്പനെ തമിഴ്നാട് വനംവകുപ്പ് പിടികൂടിയതോടെ ആശ്വാസത്തിലാണ് കേരള-തമിഴ്നാട് വനാതിർത്തിയിലെ നാട്ടുകാർ. തമിഴ്നാടിലെ പന്തല്ലൂർ ടാൻ ടീ എസ്റ്റേറ്റ് ടെൻത്ത് ലൈനിൽ നിന്നാണ് കഴിഞ്ഞ ദിവസം ആനയെ മയക്ക് വെടി വച്ച് പിടികൂടിയത്.   

ചേരമ്പാടി എ സി എഫിന്റെ നേതൃത്വത്തിലുള്ള വനപാലകർ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊലായാളി കൊമ്പനെ പിടികൂടാനുള്ള തീവ്ര ശ്രമത്തിലായിരുന്നു. ഈ ഭാഗത്ത് വച്ച് മയക്ക് വെടി വെച്ചങ്കിലും മറ്റ് രണ്ട് പിടിയാനകൾക്കൊപ്പം കൊമ്പൻ രക്ഷപെടുകയായിരുന്നു. തുടർന്ന് ആറ് കുങ്കിയാനകളുടെ സഹായത്തോടെയാണ്  കൊമ്പനെ കുരുക്കിലാക്കിയത്. 

പിടികൂടിയ കൊമ്പനെ മുതുമലയിലേക്ക് കൊണ്ടുപോകും. ശങ്കർ എന്ന് വിളിപ്പേരുള്ള  അപകടകാരിയുമായ  കൊമ്പൻ മനുഷ്യഗന്ധം പിൻതുടർന്ന് ആക്രമിക്കുന്ന സ്വഭാവമുള്ളതായിരുന്നു. തമിഴ്നാട് പന്തല്ലൂർ മേഖലകളിൽ പത്തോളം പേരെയാണ് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഒറ്റയാൻ കൊലപ്പെടുത്തിയിട്ടുള്ളത്. 

കഴിഞ്ഞ ഡിസംബർ പതിമൂന്നിന് ഗൂഡല്ലൂർ പഞ്ചായത്ത് യൂണിയൻ കൗൺസിലറായിരുന്ന പന്തല്ലൂർ പുഞ്ചക്കൊല്ലി ആനപ്പള്ളം ആനന്ദ് രാജ് എന്ന കണ്ണൻ(49), മകൻ പ്രശാന്ത്(20) എന്നിവരെ കൊലപ്പെടുത്തിയ ശേഷം വനത്തിലേക്ക് കടന്ന കൊമ്പനെ മയക്ക് വെടി വച്ചങ്കെിലും രക്ഷപെട്ട് കേരള വനത്തിലേക്ക് കടക്കുകയായിരുന്നു.