കോഴിക്കോട്: കോഴിക്കോട് തോട്ടുമുക്കത്ത് കോനൂർ കണ്ടിയിൽ പന്ത്രണ്ട് അടി നീളമുള്ള രാജവെമ്പാലയെ പിടികൂടി. കോനൂർ കണ്ടി പൂക്കോടൻ മുണ്ടന്‍റെ വീട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. വൈകിട്ട് വീട്ടുകാർ ടിവി കണ്ടുകൊണ്ടിരിക്കെ മുകളിൽ നിന്നും ശബ്ദം കേട്ട് നടത്തിയ തിരച്ചിലിലാണ് പാമ്പിനെ കണ്ടത്തിയത്. 

ഒമ്പതുമണിയോടെ നിലമ്പൂർ ഫോറസ്റ്റ് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടി. മണിക്കൂറുകളോളം നാട്ടുകാരെ മുൾമുനയിൽ നിർത്തിയ രാജവെമ്പാലയെ നിമിഷങ്ങൾക്കുള്ളിലാണ് റാപ്പിഡ് റെസ്പോൺസ് ടീം ഉദ്യോഗസ്ഥനായ സി ടി  അസീസ് പിടികൂടിയത്. പിടികൂടിയ രാജവെമ്പാലക്ക് 12 അടി നീളവും പത്തുവർഷം പ്രായവും ഉണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.