നിലമ്പൂര്‍: അടുക്കള ഭാഗത്തേക്ക് എന്തോ ഇഴഞ്ഞുപോയെന്ന വീട്ടമ്മയുടെ സംശയത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത് രാജവെമ്പാല. ചാലിയാർ എരഞ്ഞിമങ്ങാട് കോതമംഗലത്ത് ശാരദയുടെ വീട്ടിൽ ഇന്നലെ ഉച്ചക്കാണ് സംഭവം. 

ശാരദയുടെ സംശയം ആദ്യം അവഗണിച്ചെങ്കിലും പിന്നീട് വിശദമായി തിരച്ചില്‍ നടത്തുകയായിരുന്നു. വീടിന് പിന്‍ഭാഗത്ത് വച്ചിരുന്ന വാഷിങ്മെഷീനിനുള്ളിലാണ് രാജവെമ്പാല കയറിയിരുന്നത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. 

സമീപവാസി വനം ദ്രുതപ്രതികരണ സേനയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സി ടി അസീസെത്തി രാജവെമ്പാലയെ പിടികൂടുകയായിരുന്നു. പാമ്പിനെ പിടികൂടി ഉൾക്കാട്ടിൽ വിട്ടയച്ചു.