കണ്ണൂർ: കണ്ണൂർ രാമന്തളിയില്‍ രാഷ്ട്രീയ കൊലപാതകത്തിന്‍റെ ഇര സി വി ധനരാജിന്റെ ഭാര്യയുടെ സ്ഥാനാർത്ഥിത്വത്തിന് ഹൃദയാഭിവാദ്യവുമായി ടിപി ചന്ദ്രശേഖരന്‍റെ ഭാര്യ കെ കെ രമ. കണ്ണൂർ രാമന്തളി ​ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥിയാണ് ധനരാജിന്റെ ഭാര്യ എൻ വി സജിനി ജനവിധി തേടുന്നത്. 

സ്ഥാനാർത്ഥിക്ക്  വിജയാശംസകൾ നേർന്ന് മെഹറാബ് ബച്ചൻ എന്നയാൾ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന് താഴെയാണ് കെ കെ രമ സജിനിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കൊണ്ട് കമന്‍റ് ചെയ്തത്. ഈ സ്ഥാനാർത്ഥിയെ നെഞ്ചോട് ചേർക്കുന്നു, ഹൃദയാഭിവാദ്യങ്ങൾ എന്നാണ് രമയുടെ പ്രതികരണം.  

കണ്ണൂരിലെ രാമന്തളിയിൽ 2016ലാണ് ആർഎസ്എസ് പ്രവർത്തകർ അടങ്ങിയ മുഖംമൂടി സംഘം ഡിവൈഎഫ്ഐ മുന്‍ വില്ലേജ് സെക്രട്ടറിയും സിപിഎം പ്രവര്‍ത്തകനുമായ കുന്നരു കാരന്താട്ടെ സി വി ധനരാജിനെ കൊലപ്പെടുത്തിയത്. സ്വന്തം വീടിന്റെ മുറ്റത്ത് വച്ചാണ് ധനരാജിനെ അക്രമി സംഘം വെട്ടിവീഴ്ത്തിയത്. ഈ കേസ് വിചാരണ നടപടികളിലേക്ക് നീങ്ങുകയാണ്.