Asianet News MalayalamAsianet News Malayalam

ഇന്‍ഡെലിബിള്‍ ഇങ്കിന്റെ 2508 കുപ്പി ഇടുക്കിയിലെത്തി; ഒരു കുപ്പിയിലുള്ളത് പത്തുമില്ലി മഷി, പ്രത്യേകതകളറിയാം

ഒരു വോട്ടര്‍ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലില്‍ പുരട്ടുന്നതിന്റെ ഉദ്ദേശ്യം. കള്ളവോട്ടുകള്‍ തടയാന്‍ ഈ സംവിധാനത്തിനാകും

know the facts of indelible ink used in lok sabha elections 2024
Author
First Published Apr 21, 2024, 1:37 AM IST

ഇടുക്കി: തെരഞ്ഞെടുപ്പിന്റെ മുഖമുദ്രയായ മഷിപുരണ്ട ചൂണ്ടുവിരലിൽ പുരട്ടാനുള്ള മായാമഷി (ഇന്‍ഡെലിബിള്‍ ഇങ്ക്) ജില്ലയിൽ എത്തി. ലോക്‌സഭ തെരഞ്ഞെടുപ്പിന് ഇനി വിരലിലെണ്ണാനുള്ള ദിവസം മാത്രം അവശേഷിക്കെ സമ്മതിദാനത്തിന്‍റെ അടയാളമായി 2508 കുപ്പി(വയല്‍) മഷിയാണ് ജില്ലയിലെ മെറ്റീരിയൽ കളക്ഷൻ കേന്ദ്രത്തിൽ വിതരണത്തിന് തയ്യാറെടുക്കുന്നത്. ഇക്കുറി 1251189 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഒരു വോട്ടര്‍ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലില്‍ പുരട്ടുന്നതിന്റെ ഉദ്ദേശ്യം. കള്ളവോട്ടുകള്‍ തടയാന്‍ ഈ സംവിധാനത്തിനാകും. വിരലില്‍ പുരട്ടിയാല്‍ വെറും നാല്‍പതു സെക്കന്റുകൊണ്ട് ഉണങ്ങിത്തീരുന്ന ഈ മഷി മായ്ക്കാനാവില്ല. പോളിംഗ് ദിനം കഴിഞ്ഞും ദിവസങ്ങളെടുക്കും ഇത് താനേ മാഞ്ഞു പോവാന്‍.

ആവശ്യമുള്ളതിന്റെ രണ്ടര ഇരട്ടി

ജില്ലയിലെ ബൂത്തുകളിലേക്ക് ആവശ്യമുള്ളതിന്റെ രണ്ടര ഇരട്ടി മഷിക്കുപ്പികളാണ് എത്തിച്ചിട്ടുള്ളത്. കര്‍ണാടക സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മൈസൂരു പെയ്ന്റ് ആന്‍ഡ് വാര്‍ണിഷ് കമ്പനിയില്‍(എംവിപിഎല്‍) നിന്നാണ് മഷി  എത്തിച്ചത്. ഇന്ത്യയില്‍ ഈ മഷി നിര്‍മിക്കാന്‍ അനുവാദമുള്ളത് മൈസൂരു പെയ്ന്റ് ആന്‍ഡ് വാര്‍ണിഷ് കമ്പനിക്ക് മാത്രമാണ്. 1962 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലാണ് ആദ്യമായി മായാത്ത മഷി പുരട്ടുന്ന രീതി തുടങ്ങുന്നത്. അതിനു ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഈ മഷി വോട്ടര്‍മാരുടെ വിരലുകളില്‍ പുരട്ടിയിട്ടുണ്ട്. നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി ഓഫ് ഇന്ത്യയില്‍ വികസിപ്പിച്ച  ഫോര്‍മുലയാണ് ഈ സവിശേഷ വോട്ടിങ് മഷിയില്‍ ഉപയോഗിച്ചിട്ടുള്ളത്.

ഒരു കുപ്പിയില്‍ പത്തുമില്ലി മഷി

ഒരു കുപ്പിയില്‍ പത്തുമില്ലി മഷിയാണുള്ളത്. ഇതുപയോഗിച്ച് 700 ഓളം വോട്ടര്‍മാരുടെ വിരലുകളില്‍ മഷി പുരട്ടാനാവും. വോട്ടുചെയ്യാന്‍ വരുന്ന പൗരന്മാരുടെ ഇടത്തെ കയ്യിന്റെ ചൂണ്ടുവിരലിൽ   മഷി പുരട്ടുക എന്നത് രണ്ടാം പോളിംഗ് ഓഫീസറുടെ ഉത്തരവാദിത്തമാണ്. ആദ്യ പോളിങ് ഓഫീസര്‍ വോട്ടറെ ഐഡന്റിഫൈ ചെയ്തുകഴിഞ്ഞാല്‍ രണ്ടാം പോളിംഗ് ഓഫീസര്‍ വോട്ടറുടെ ഇടതുകൈയിലെ ചൂണ്ട് വിരല്‍ പരിശോധിച്ച് മഷി പുരണ്ടതിന്റെ അടയാളങ്ങള്‍ ഇല്ല എന്നുറപ്പാക്കും. തുടര്‍ന്ന് ഇടതുകൈയിലെ ചൂണ്ട് വിരലിന്റെ അഗ്രത്ത് നിന്ന് ആദ്യ സന്ധിവരെ ബ്രഷുകൊണ്ട് നീളത്തില്‍ മഷി അടയാളം രേഖപ്പെടുത്തുകയാണ് ചെയ്യുക.
 

Follow Us:
Download App:
  • android
  • ios