ഓപ്പറേഷൻ തൂഫാൻ പരിശോധന ഭയന്ന് 20 ലക്ഷം രൂപയുടെ ഹെറോയിൻ അടങ്ങിയ ബാഗ് ഉപേക്ഷിച്ച് കടന്നുകളഞ്ഞ അസം സ്വദേശിയെ ആലുവ പൊലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയായ സൈദുൽ ഇസ്‌ലാം കുടുങ്ങിയത്. ഇയാൾ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നയാളാണ്.
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പൊലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മയക്കുമരുന്ന് അടങ്ങിയ ബാഗ് ഉപേക്ഷിച്ച് കടന്ന് കളഞ്ഞ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് ശാസ്ത്രീയ അന്വേഷണത്തിലൂടെ പിടികൂടി. അസം നൗഗാൺ സ്വദേശി സൈദുൽ ഇസ്‌ലാം(26)നെയാണ് ആലുവ പൊലീസ് പിടികൂടിയത്. കഴിഞ്ഞ എട്ടാം തീയതിയാണ് സംഭവം. അസമിൽ നിന്ന് വൈകിട്ട് ട്രെയിൻ മാർഗ്ഗമാണ് ഇയാൾ ആലുവയിൽ എത്തിയത്. ആലുവ ഭാഗത്ത് പൊലീസ് പരിശോധന നടക്കുന്നുണ്ടെറിഞ്ഞ ഇയാൾ 20 ലക്ഷം രൂപ വില വരുന്ന 87 ഗ്രാം ഹെറോയിൻ അടങ്ങിയ ബാഗ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ചു പോവുകയായിരുന്നു.
രാത്രി തന്നെയുള്ള ട്രെയിനിൽ ആസാമിലേക്ക് കടന്നു കളഞ്ഞു. സിസിടിവി ഉൾപ്പെടെയുള്ള ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾ കഴിഞ്ഞ ദിവസം തിരികെ കരിമുകൾ ഭാഗത്ത് എത്തിയിരുന്നു. ഉടനെ പൊലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു അസമിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുന്നയാളാണ് പ്രതി.
ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ ആലുവ ഈസ്റ്റ് എസ്എച്ച്ഒ രഞ്ജിത് മാത്യു എഎസ് ഐമാരായ കെഎ നൗഷാദ്, സിഎ നിയാസ്, സിപിഒമാരായ മാഹിൻഷാ അബൂബകർ, പിഎസ് സിറിൽ,മുഹമ്മദ് ഷാഹിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


