കുഞ്ഞ് കുട്ടികളാണേലെന്താ കട്ടക്ക് നിന്നു! കൊച്ചിയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ പിടിയിൽ
ഒപ്പമുണ്ടായിരുന്ന മറ്റ് കുട്ടികൾ ഇയാളുടെ പിന്നാലെ കൂടി ബഹളം വച്ചതോടെയാണ് പ്രതി പിടിയിലായത്.

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ രണ്ടര വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചയാൾ പിടിയിൽ. വെങ്ങോല പൂണൂരിൽ നിന്ന് അതിഥി തൊഴിലാളികളുടെ രണ്ടര വയസ്സ് പ്രായം വരുന്ന പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റ് കുട്ടികൾ ഇയാളുടെ പിന്നാലെ കൂടി ബഹളം വച്ചതോടെയാണ് പ്രതി പിടിയിലായത്. കുട്ടിയെ എടുത്തുകൊണ്ട് പോകാനായി പ്രതി ശ്രമിച്ചതോടെ മറ്റു കുട്ടികൾ ബഹളം വക്കുന്നത് കേട്ട് നാട്ടുകാർ ഓടികൂടി പ്രതിയെ പിടികൂടുകയായിരുന്നു.
സംഭവത്തിൽ ഒഡീഷ ഫുൾവാനി സ്വദേശി സിമാചൽ ബിഷോയിയെ ആണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. കുട്ടിയുടെ അച്ഛനും, അമ്മയും, മുത്തച്ഛനും, മുത്തശ്ശിയും ജോലിക്ക് പോയ സമയത്താണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ കാസർകോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത യുവതിയെ വാട്സ്ആപ്പ് ചാറ്റിലൂടെ ശല്യം ചെയ്തുവെന്ന് ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചു എന്നതാണ്. വിദ്യാനഗർ മുട്ടത്തോടിയിലെ അബ്ദുൽ സവാദാണ് മർദ്ദനത്തിന് ഇരയായത്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗർ മുട്ടത്തോടി മിനി സ്റ്റേഡിയത്തിന് സമീപത്ത് താമസിക്കുന്ന അബ്ദുൽ സവാദിനെ നഗരത്തിലെ കടയില്‍ നിന്നാണ് ഒരു സംഘം തട്ടിക്കൊണ്ട് പോയത്. കാറിൽ കയറ്റിക്കൊണ്ട് പോയി ദേശീയ പാതയ്ക്ക് അരികിലുള്ള വിജനമായ പ്രദേശത്ത് എത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. യുവതിയെ വാട്സ്ആപ്പിലൂടെ ശല്യം ചെയ്തു എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ഇതിനിടയിൽ നാട്ടുകാര്‍ പൊലിസിനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ സംഘം മർദ്ദിക്കുന്നതിനിടയിൽത്തന്നെ പൊലീസെത്തി സവാദിനെ മോചിപ്പിക്കുകയായിരുന്നു.
കൊല്ലമ്പാടി സ്വദേശി എ ഷാനവാസ്, ബാങ്കോട് സ്വദേശി എഎം അബ്ദുല് മനാഫ്, കസബ സ്വദേശികളായ എഎ മുഹമ്മദ് റിയാസ് കെഎസ് മുഹമ്മദ് റിയാസ് എന്നിവരാണ് അറസ്റ്റിലായത്. അണങ്കൂരിൽ നിന്നുമാണ് കാസർകോട് പൊലീസ് ഇവരെ പിടികൂടിയത്. തട്ടിക്കൊണ്ട് പോകൽ, മർദ്ദിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പിടിലായ എല്ലാവരും നേരത്തേയും നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറയുന്നു.