കളമശേരിയിൽ 234.5 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ
കൊച്ചി: എറണാകുളം കളമശേരിയിൽ വൻ രാസലഹരി വേട്ട. 234.5 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. കായംകുളം ചിറക്കട്ടോവം മാളികപടീത്തിൽ സുധീർ യൂസഫ് (37), കായംകുളം ചിറക്കട്ടോഴം പട്ടാണിപ്പറമ്പിൽ ആസിഫ് നിസാം (25) എന്നിവരാണ് പിടിയിലായത്. ആലപ്പുഴയിലും കൊച്ചി നഗരത്തിലും എംഡിഎംഎ എത്തിക്കുന്നവരിൽ പ്രധാനികളാണ് ഇരുവരുമെന്ന് പൊലീസ് പറയുന്നു. ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ മൊത്തമായി വാങ്ങി നാട്ടിലേക്ക് മടങ്ങുംവഴി കളമശേരി അപ്പോളോ ടയേഴ്‌സിന് സമീപത്ത് നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.
പ്രതികൾ ഇരുവരും മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനികളാണെന്ന് പൊലീസ് നേരത്തെ മനസിലാക്കിയിരുന്നു. ഇതിൻ്റെ ഭാഗമായി ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. എന്നാൽ പൊലീസ് തങ്ങൾക്കായി വലവിരിച്ച് കാത്തിരിക്കുകയാണെന്ന് പ്രതികളറിഞ്ഞില്ല. ഇതിനിടെയാണ് ഇവർ ഇരുവരും ബെംഗളൂരുവിലേക്ക് പോയത്. മയക്കുമരുന്ന് വാങ്ങാൻ പോയതാണെന്ന് മനസിലാക്കിയ പൊലീസ് ഇവർ തിരികെ വരുന്നതിനായി കാത്തിരുന്നു. അതിർത്തി സുരക്ഷിതമായി കടന്ന് കൊച്ചി സിറ്റി പൊലീസിൻ്റെ പരിധിയിൽ കളമശേരിയിലെത്തിയപ്പോഴാണ് ഇവരെ പൊലീസ് പിടികൂടിയത്.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരമായിരുന്നു അന്വേഷണം. ഡിസിപിമാരായ അശ്വതി ജിജിയുടെയും ജുവപ്പുടി മഹേഷിൻ്റെയും മേൽനോട്ടത്തിലാണ് പ്രതികൾക്കെതിരായ അന്വേഷണം നടത്തിയത്. നാർകോടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ കെഎ അബ്‌ദുൾ സലാമിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതികളെ മയക്കുമരുന്നുമായി പിടികൂടിയത്. ഇവരെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്‌തു.

