ലോഡ്ജിന്റെ രണ്ടാം നിലയിൽ മുറികൾ കൂട്ടി ചേർത്ത് പുതുക്കി പണിതിരുന്നു. ഈ ഭാഗം റെഗുലറൈസ്സ് ചെയ്യുന്നതിനായി കെട്ടിട ഉടമ 2024 ഡിസംബറിൽ പള്ളുരുത്തി സോണൽ ഓഫീസിൽ അപേക്ഷ നൽകി.

കൊച്ചി: എറണാകുളം പള്ളുരുത്തിയിലുള്ള ലോഡ്ജിന്റെ പുതുക്കി പണിത ഭാഗം റെഗുലറൈസ് ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കുന്നതിന് കൈക്കൂലി വാങ്ങിയ ക്ല‍ർക്ക് വിജിലൻസ് പിടിയിൽ. എറണാകുളം പള്ളുരുത്തിയിലുള്ള ലോഡ്ജുടമുയുടെ പരാതിയിൽ കൊച്ചി കോർപ്പറേഷൻ പള്ളുരുത്തി സോണൽ ഓഫിസിലെ റവന്യൂ വിഭാഗത്തിലെ ക്ലർക്കായ എസ്. എസ് പ്രകാശിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. 25000 രൂപയാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. പള്ളുരുത്തി സ്വദേശിയായ പരാതിക്കാരന്റെ മാതാവിന്റെ ഉടമസ്ഥതയിലുള്ള ലോഡ്ജിന്റെ രണ്ടാം നിലയിൽ മുറികൾ കൂട്ടി ചേർത്ത് പുതുക്കി പണിതിരുന്നു. ഈ ഭാഗം റെഗുലറൈസ്സ് ചെയ്യുന്നതിനായി കെട്ടിട ഉടമ 2024 ഡിസംബറിൽ പള്ളുരുത്തി സോണൽ ഓഫീസിൽ അപേക്ഷ നൽകി.

എന്നാൽ കെട്ടിടത്തിന്റെ അസസ്സ്മെന്റ് നടത്തിയില്ലായെന്നുള്ള സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അപേക്ഷ നിരസിച്ചു. തുടർന്ന് ഈ വ‍ർഷം ഓഗസ്റ്റ് 8ന് കെട്ടിട അസസ്സ്മെന്റ് നടത്തി നൽകുന്നതിന് കെട്ടിട ഉടമ വീണ്ടും അപേക്ഷ സമർപ്പിച്ചു. സോണൽ ഓഫീസിലെ റവന്യൂ ഇൻസ്പെക്ടറും ക്ലർക്കായ പ്രകാശും കൂടി കെട്ടിടം അസസ്സ്മെന്റ് നടത്തുന്നതിനായി ലോഡ്ജിലെത്തി കെട്ടിടം അളന്ന് തിട്ടപ്പെടുത്തിയ ശേഷം സോണൽ ഓഫീസിലേയ്ക്ക് വന്ന് കാണാൻ പരാതിക്കാരനോട് പ്രകാശ് ആവശ്യപ്പെട്ടു. ഓഫീസിൽ എത്തിയ പരാതിക്കാരനോട് പ്രകാശ് അസസ്സ്മെന്റ് നടത്തി നൽകുന്നതിന് 5 ലക്ഷം രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടു. തന്റെ കൈയ്യിൽ അത്രയും പണം ഇല്ലായെന്ന് അറിയിച്ച പരാതിക്കാരനോട് 2 ലക്ഷം രൂപയെങ്കിലും നൽകണമെന്ന് പ്രകാശ് ആവശ്യപ്പെട്ടു. 22-ാം തീയതി അപേക്ഷയുടെ സ്റ്റാറ്റസ് അറിയാൻ പ്രകാശിനെ ഫോണിൽ വിളിച്ചപ്പോൾ ഓഫീസിൽ എത്തി നേരിൽ കാണാൻ നിർദേശിച്ചു.

ഓഫീസിലെത്തിയ പരാതിക്കാരനോട് പ്രതി അസസ്സ്മെന്റ് നടത്തി നൽകുന്നതിന് ആവശ്യപ്പെട്ട 2 ലക്ഷം രൂപ വെള്ളിയാഴ്ചയ്ക്കുള്ളിൽ നൽകണമെന്നും അഡ്വാൻസായി 50,000/- രൂപ ഇന്ന് ഓഫീസിൽ എത്തിച്ച് നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ കൈക്കൂലി നൽകി കാര്യം സാധിക്കാൻ താല്പര്യമില്ലാത്ത പരാതിക്കാരൻ ഈ വിവരം എറണാകുളം വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. തുടർന്ന് വിജിലൻസ് സംഘം കെണിയൊരുക്കി കാത്തിരുന്നു. ഇന്നലെ വൈകിട്ട് 4.45ന് പരാതിക്കാരനിൽ നിന്നും 25,000 രൂപ കൈക്കൂലി വാങ്ങവെ പള്ളുരുത്തി സോണൽ ഓഫീസിൽ വച്ച് വിജിലൻസ് സംഘം പ്രകാശിനെ കൈയ്യോടെ പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കി തുട‍ർ നടപടികൾ സ്വീകരിക്കും.