'ചോദിച്ചത് 50,000, കൈക്കൂലി വാങ്ങാൻ കളമൊരുക്കിയത് 3 പേർ; കൊച്ചിയിൽ ഹെൽത്ത് ഉദ്യോഗസ്ഥരെ പൂട്ടിയത് ഇങ്ങനെ!
ഷോപ്പ് പരിശോധിച്ച ശേഷം, റൂം വ്യത്യാസം വരുത്തണമെന്നും അല്ലാത്ത പക്ഷം വെള്ളിയാഴ്ച 50,000 രൂപ കൈക്കൂലി നൽകണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ പിടിയിലായ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ കൂടി വിജിലൻസ് അറസ്റ്റ് ചെയ്തു. ഇതോടെ കൈക്കൂലി കേസിൽ കൊച്ചിൻ കോർപ്പറേഷനിലെ 3 ആരോഗ്യ വിഭാഗം ജീവനക്കാർ വിജിലൻസ് പിടിയിലായി. കൊച്ചിൻ കോർപ്പറേഷൻ പള്ളുരുത്തി സർക്കിൾ,ഹെൽത്ത് ഇൻസ്പെക്ടർ മധു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷാനു, കണ്ടിജന്റ് വർക്കറായ ജോൺ സേവ്യർ എന്നിവരാണ് 10,000 രൂപ കൈക്കൂലി വാങ്ങവേ പിടിയിലായത്.
കെട്ടിടത്തിന് എൻ.ഒ.സി നൽകുന്നതുമായി ബന്ധപ്പെട്ട് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥരെ വിജിലൻസ് പിടികൂടിയത്. ആലുവ സ്വദേശിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരന്റെ മകൻ പള്ളുരുത്തി നമ്പ്യാർപുരം റോഡിൽ പുതുതായി തുടങ്ങുന്ന മൊബൈൽ ആക്സസറീസ് ഹോൾസെയിൽ ഷോപ്പിന്റെ ലൈസൻസിനായി കഴിഞ്ഞ മാസം 27 തിയതി ഓൺലൈനിൽ കൊച്ചിൻ കോർപ്പറേഷൻ പള്ളുരുത്തി സർക്കിളിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് 30 തീയതി കൊച്ചിൻ കോർപ്പറേഷൻ പള്ളുരുത്തി സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ മധുവിനെ വന്നു കണ്ടു. എന്നാൽ അപേക്ഷ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിനുവിന്റെ കൈവശമാണെന്ന് മധു പറഞ്ഞു.
അതിനുശേഷം കണ്ടിജന്റ് വർക്കറായ ജോൺ സേവ്യർ പരാതിക്കാരനെ ഫോണിൽ വിളിച്ച് ഷോപ്പ് പരിശോധിക്കണമെന്ന് പറഞ്ഞു. പിന്നാലെ ഇക്കഴിഞ്ഞ ബുധനാഴ്ച ഷിനുവും ജോണുമായി ഷോപ്പ് പരിശോധിച്ച ശേഷം റൂം വ്യത്യാസം വരുത്തണമെന്നും അല്ലാത്ത പക്ഷം വെള്ളിയാഴ്ച 50,000 രൂപ കൈക്കൂലി നൽകണമെന്നും ആവശ്യപ്പെട്ടു. പരാതിക്കാരൻ ഈ വിവരം എറണാകുളം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു, വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ഉദ്യോഗസ്ഥരെ പിടികൂടാനായികെണിയൊരുക്കി.
തുടർന്ന് പരാതിക്കാരനിൽ നിന്നും കൈക്കൂലിയുടെ ആദ്യ ഗഡുവായ 10,000 രൂപവാങ്ങവേ ഇന്ന് രാവിലെ 09:20 മണിക്ക് മൂവരേയും വിജിലൻസ് കൈയ്യോടെ പിടികൂടുകയായിരുന്നു. കൊച്ചിൻ കോർപ്പറേഷൻ പള്ളുരുത്തി സർക്കിൾ, ഹെൽത്ത് വിഭാഗം ഓഫീസിൽ വച്ചായിരുന്നു കൈക്കൂലി വാങ്ങിയത്. അറസ്റ്റ് ചെയ്ത പ്രതികളെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് സംഘം അറിയിച്ചു.
Read More :