പെരുമ്പടപ്പിലെ ഫാത്തിമ ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് പദ്ധതിയിലേക്കാണ് പണം സ്വരുക്കൂട്ടിയിട്ടുള്ളത്.
കൊച്ചി: കഴിഞ്ഞ ഒരു വർഷം നാണയത്തുട്ടുകളിലൂടെ ശേഖരിച്ച 25 ലക്ഷം രൂപ ഡയാലിസിസ് രോഗികൾക്ക് ക്രിസ്മസ് സമ്മാനമായി നൽകി കൊച്ചി രൂപത. 'ചില്ലറക്കാരൻ'എന്ന പദ്ധതിയുടെ ഭാഗമായി സ്വരൂപിച്ച പണമാണ് കൈമാറിയത്. സെന്റ് തെരേസാസ് കോളേജിൽ നടന്ന ചടങ്ങിൽ ആഘോഷ പൂർവ്വമായിരുന്നു തുക കൈമാറ്റം.
കൊച്ചി രൂപതയിലെ ചില്ലറക്കാരൻ പശ്ചിമകൊച്ചിയിലെ വീടുകളിൽ നിന്നുള്ള ചില്ലറതുട്ടുകൾ എല്ലാം ശേഖരിച്ച് സെന്റ് തെരേസാസ് കോളേജിലേക്കാണ് മടങ്ങിയെത്തിയത്. പാട്ടും ആഘോഷവുമായാണ് വിദ്യാർത്ഥികൾ ചില്ലറക്കാരനെ വരവേറ്റത്. കൊച്ചി രൂപതയിലെ ഇടവകകളിലുള്ള 25,000 വീടുകളിൽ ഒഴിഞ്ഞ കുടിവെള്ള കുപ്പികൾ കൊടുത്താണ് ചില്ലറത്തുട്ടുകൾ ശേഖരിച്ചത്. മേയറാണ് ചില്ലറക്കാരന്റെ യാത്രക്ക് കഴിഞ്ഞ വർഷം കൊടി വീശിയത്.
പെരുമ്പടപ്പിലെ ഫാത്തിമ ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് പദ്ധതിയിലേക്കാണ് പണം സ്വരുക്കൂട്ടിയിട്ടുള്ളത്. 25 ലക്ഷം രൂപയുടെ ചെക്ക് മേയറും എംഎൽഎമാരും ചേർന്ന് ഫാത്തിമ ആശുപത്രിക്ക് കൈമാറി. ക്രിസ്മസ് പാപ്പമാർ ചില്ലറ നിറച്ച കുടം തല്ലി പൊട്ടിച്ച് ചടങ്ങിന് ആവേശം നിറച്ചു.
