''പുറകില്‍ ഇരിക്കുന്ന മേയര്‍ ആരു തന്നെയായാലും വിശ്വസ്തതയോടെ നിശബ്ദമായി അദ്ദേഹം ജോലി ചെയ്തു.''

കൊച്ചി: കൊച്ചി മേയറുടെ ഡ്രൈവര്‍ സ്ഥാനത്ത് നിന്ന് വിരമിച്ച കെ.എസ് രാംദാസിന് യാത്രയയപ്പ് നല്‍കി നഗരസഭ. ഒരു ഡ്രൈവര്‍ക്ക് കൊച്ചി നഗരസഭയുടെ ഓഫീസില്‍ യാത്രയയപ്പ് നല്‍കുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണെന്നും രാംദാസ് അത് അര്‍ഹിക്കുന്നുണ്ടെന്നും മേയര്‍ അനില്‍കുമാര്‍ പറഞ്ഞു. നാലു മേയര്‍മാരുടെ ഡ്രൈവറായി പ്രവര്‍ത്തിച്ച വ്യക്തിയാണ് രാംദാസ് എന്ന് അദ്ദേഹത്തെ പരിചയപ്പെടുത്തി കൊണ്ട് അനില്‍കുമാര്‍ പറഞ്ഞു. 

എം അനില്‍കുമാറിന്റെ കുറിപ്പ്: 'കൊച്ചി മേയറുടെ ഡ്രൈവര്‍ കെ .എസ് രാംദാസ് ഇന്ന് പടിയിറങ്ങി. 4 മേയര്‍മാര്‍ക്ക് അദ്ദേഹം ഡ്രൈവറായി പ്രവര്‍ത്തിച്ചു. പ്രൊഫസര്‍ മേഴ്‌സി വില്യംസ്, ടോണി ചമ്മിണി, സൗമിനി ജെയിന്‍ ഇപ്പോള്‍ ഞാനും. ശ്രീ Kks പണിക്കര്‍,ശ്രീ. ദിനേശ് മണി എന്നിവര്‍ മേയര്‍മാരായിരുന്ന ഘട്ടങ്ങളില്‍ പ്രധാന ഡ്രൈവറുടെ അസാന്നിദ്ധ്യത്തിലാണ് അദ്ദേഹം മേയറുടെ കാര്‍ ഓടിച്ച് തുടങ്ങിയത്. നിസ്തുലമായ സേവനമാണ് ശ്രീ.രാംദാസ് നിര്‍വ്വഹിച്ചത്. '

'ഒരു ഡ്രൈവര്‍ക്ക് കൊച്ചി നഗരസഭയുടെ ഓഫീസില്‍ യാത്രയയപ്പ് നല്‍കുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്. അദ്ദേഹം അത് അര്‍ഹിക്കുന്നു. 2 മേയര്‍മാര്‍ UDFന്റേതും, 2 പേര്‍ LDF ന്റേതുമാണ്.പക്ഷേ അവരുടെ സാരഥിയായ രാംദാസിന് മാറ്റം ഉണ്ടായില്ല. ഇതുതന്നെയാണ് അദ്ദേഹത്തിന്റെ പ്രത്യേകതയും. ചെയ്യുന്ന ജോലിയോട് 100% കൂറ് അദ്ദേഹം പുലര്‍ത്തി. പുറകില്‍ ഇരിക്കുന്ന മേയര്‍ ആരു തന്നെയായാലും ഏതു മേയര്‍ ആണെങ്കിലും വിശ്വസ്തതയോടെ നിശബ്ദമായി അദ്ദേഹം ജോലി ചെയ്തു. എത്ര രാത്രി വരെയും ഒരേ ശമ്പളത്തില്‍ അദ്ദേഹം ജോലി ചെയ്തു. അനാവശ്യമായ ഒരു ശുപാര്‍ശയും അദ്ദേഹം നടത്തിയിട്ടില്ല. സ്വന്തമായ ഒന്നും അദ്ദേഹം സ്വരൂപിച്ചില്ല.. '

'വളരെ ചുരുങ്ങിയ സര്‍വ്വീസ് മാത്രമാണ് ശ്രീ. രാംദാസിന് ലഭിച്ചത്. ഇതിന്റെ ഒന്നും പരിഭവം ഒരു ഘട്ടത്തിലും ആരോടും പറഞ്ഞിട്ടുമില്ല. ഇങ്ങനെയും സര്‍ക്കാര്‍ ജീവനക്കാര്‍ ഉണ്ട് എന്ന് നാം അറിയണം. തുച്ഛമായ പെന്‍ഷന്‍ തുകയെ ഇനി അദ്ദേഹത്തിന് ലഭിക്കൂ. എങ്കിലും അദ്ദേഹം ഇതുവരെ നടത്തിയ സേവനങ്ങള്‍ അദ്ദേഹത്തെ മുന്നോട്ടു നയിക്കും എന്ന് കരുതുന്നു. അഡ്വക്കേറ്റ് ആന്റണി കുരിത്തറ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, നഗരസഭയിലെ എല്ലാ കക്ഷി നേതാക്കന്മാരും വകുപ്പ് മേധാവികളും യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തു. ശ്രീ രാംദാസിന് വിട. വേദനയോടെയാണെങ്കിലും നാളെ മുതല്‍ ശ്രീ. രാംദാസിന്റെ അഭാവം കൊച്ചി മേയറുടെ പ്രവര്‍ത്തനങ്ങളില്‍ നിഴലിക്കാതെ നോക്കാന്‍പരമാവധി ശ്രമിക്കും. വിരമിച്ചതിന് ശേഷമുള്ള ജീവിതത്തില്‍ രാംദാസിന് ഹൃദയപൂര്‍വ്വം എല്ലാ ആശംസകളും.'

'ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറുകൾ വാഹനിൽ ഉള്‍പ്പെടുത്തണം': നിര്‍ദേശവുമായി എംവിഡി

YouTube video player