പുതുവർഷത്തിൽ കൊച്ചി മെട്രോ, ഇലക്ട്രിക് ഫീഡർ ബസ്, വാട്ടർ മെട്രോ എന്നിവയിൽ യാത്ര ചെയ്തത് 1.61 ലക്ഷത്തിലധികം പേർ. കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് കെഎംആർഎൽ അറിയിച്ചു.

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ യാത്രാ സംവിധാനമായ കൊച്ചി മെട്രോ ട്രെയിൻ, ഇലക്ട്രിക് ഫീഡർ ബസ്, കൊച്ചി വാട്ടർ മെട്രോ എന്നിവയിൽ പുതുവർഷത്തലേന്നും പുലർച്ചയിലും സഞ്ചരിച്ചത് 1,61,683 പേർ. സുരക്ഷിതവും കൃത്യതയുമാർന്ന മെട്രോ സേവനം പുതുവർഷാഘോഷത്തിരക്ക് ഏറ്റവും ഫലപ്രദമായി കൈകാര്യം ചെയ്യാൻ ജില്ലാ ഭരണകൂടത്തിനും പൊലീസിനും ഏറെ സഹായകവുമായി.

പുലർച്ചെ രണ്ട് മണിവരെ സർവ്വീസ് നടത്തിയ കൊച്ചി മെട്രോ ട്രെയിനിൽ 1,39,766 പേരാണ് യാത്ര ചെയ്തത്. പുലർച്ചെ നാലു മണിവരെ സർവ്വീസ് നടത്തിയ ഇലക്ട്രിക് ഫീഡർ ബസിൽ 6,817 പേരും വാട്ടർ മെട്രോയിൽ 15,000 പേരും യാത്ര ചെയ്തതോടെ റേക്കോർഡ് നേട്ടമാണ് മെട്രോ കൈവരിച്ചത്. ഡിസംബർ 31 ന് 44,67,688 രൂപയുടെ വരുമാനം നേടി പ്രതിദിന വരുമാനത്തിലും കൊച്ചി മെട്രോ ട്രെയിൻ റെക്കോർഡ് സൃഷ്ടിച്ചു.

കൂട്ടായ പരിശ്രമത്തിലൂടെയാണ് മെട്രോ ഈ നേട്ടം കൈവരിച്ചതെന്ന് കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. കൃത്യതയാര്‍ന്ന സര്‍വീസ്, വൃത്തി, ശുചിത്വം, ജീവനക്കാരുടെ മികച്ച പെരുമാറ്റം, യാത്രക്കാരുടെ സഹകരണം, മാധ്യമങ്ങളും സോഷ്യൽ മീഡിയ വഴിയും നടത്തിയ പ്രചരണം, ഉപഭോക്തൃ സൗഹൃദമായ സാങ്കേതിക വിദ്യാ ഉപയോഗം തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഈ നേട്ടം കൈവരിക്കുന്നതിന് സഹായിച്ചു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലാസ്റ്റ്‌മൈല്‍, ഫസ്റ്റ്‌മൈല്‍ കണക്ടിവിറ്റി കൂട്ടി പ്രതിദിന യാത്രക്കാരെ കൂടുതൽ ആകർഷിക്കാനായി 15 ഇലക്ട്രിക് ബസുകൾ വിവിധ റൂട്ടുകളില്‍ മെട്രോ സ്റ്റേഷനുകളെയും വാട്ടര്‍ മെട്രോ സ്റ്റേഷനുകളെയും ബന്ധിപ്പിച്ച് സർവ്വീസ് നടത്തിയതും നേട്ടമായി എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം നഗരത്തിൽ ഹരിത ഗതാഗത സംവിധാനം യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണ് എന്നും അഭിപ്രായപ്പെട്ടു.

പുതിയ റെക്കോർഡിൽ കൊച്ചി മെട്രോ ട്രെയിൻ

2017ൽ സർവ്വീസ് തുടങ്ങിയ മെട്രോയിൽ ഇതേവരെ 17.52 കോടി പേർ യാത്ര ചെയ്തു. ഈ വർഷത്തെ യാത്രക്കാരുടെ എണ്ണം 3,65,861,94 ആയി വർധിച്ചു. ഡിസംബറിൽ മാത്രം 32,68,063 പേരാണ് യാത്ര ചെയ്തത്.

ഹിറ്റായി ഇലക്ട്രിക് ഫീഡർ ബസും

കൊച്ചിയുടെ പുുതവർഷരാവിൽ ഇതാദ്യമായി ഇലക്ട്രിക് ഫീഡർ ബസും യാത്ര നടത്തി. ഫോർട്ട് കൊച്ചിയിൽ നിന്ന് ജംഗാർ വഴി വൈപ്പിനിലെത്തിയ യാത്രക്കാരെ വിവിധയിടങ്ങളിലേക്കും മെട്രൊ സ്റ്റേഷനുകളിലേക്കും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്കും എത്തിക്കാൻ മെട്രോ ഫീഡർ ബസുകളുമുണ്ടായിരുന്നു.

ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി വാട്ടർ മെട്രോയും

പുലർച്ചെ 5.10 മണിവരെ നിലവിലുള്ളതിനു പറുമെ മട്ടാഞ്ചേരി-ഹൈക്കോർട്ട്, വൈപ്പിൻ-ഹൈക്കോർട്ട് റൂട്ടിലും അധിക സർവ്വീസ് നടത്തിയ വാട്ടർ മെട്രോയും റെക്കോർഡ് നേട്ടമാണ് കൈവരിച്ചത്. 15,000ത്തോളം പേർ ഈ യാത്ര സൗകര്യം പുതുവർഷത്തിൽ ഉപയോഗിച്ചു.