കൊച്ചി മെട്രോയിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന് കെഎംആർഎൽ നടപ്പാക്കുന്ന വിവിധ തരത്തിലുള്ള പദ്ധതികളുടെ ഭാഗമാണിത്.
കൊച്ചി: മെട്രോ ഇനി ഗൂഗിൾ മാപ്പിലും. മെട്രോ ട്രെയിനുകൾ പോകുന്ന റൂട്ടും സമയവും നിരക്കുമെല്ലാം ഇനി ഗൂഗിൾ മാപ്പു വഴി അറിയാം. മറ്റു സ്ഥലങ്ങളിൽ നിന്നും കൊച്ചിയിലെത്തുന്നവരെ സമീപത്തെ മെട്രോ സ്റ്റേഷനുകളിൽ എത്താൻ ഇനി ഗൂഗിൾ മാപ്പ് സഹായിക്കും. ഒപ്പം മെട്രോയിൽ യാത്ര ചെയ്യാനും. സ്റ്റേഷനുകളിൽ ട്രെയിനുകളെത്തുന്ന സമയം, എത്ര സമയം നിൽക്കും ഓരോ സ്ഥലത്തേക്കുമുള്ള നിരക്ക് എന്നിവയെല്ലാം ഇനി ഗൂഗിൾ മാപ്പിലുമുണ്ടാകും.
ആറു മാസത്തെ പ്രയത്നത്തിന് ഒടുവിലാണ് കെഎംആർഎൽ ഗൂഗിളുമായി ഇക്കാര്യത്തിൽ കരാർ ഒപ്പിട്ടത്. കൊച്ചി മെട്രോയിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന് കെഎംആർഎൽ നടപ്പാക്കുന്ന വിവിധ തരത്തിലുള്ള പദ്ധതികളുടെ ഭാഗമാണിത്. അടുത്ത ഘട്ടത്തിൽ നഗരത്തിലെ ബസ്സുകൾ ഉൾപ്പെടുയുള്ള പൊതു ഗതാഗത സംവിധാനത്തെയും ഗൂഗിൾ മാപ്പുമായി ബന്ധിപ്പിക്കും. ഇതോടെ സ്റ്റോപ്പുകളിൽ ബസ്സുകൾ എത്തുന്ന സമയവും മറ്റു സ്ഥലങ്ങളിലേക്കുള്ള നിരക്കുമെല്ലാം ഗൂഗിൾ മാപ്പിൻറെ സഹായത്തോടെ അറിയാം.
യാത്രക്കാരെ സമയ നഷ്ടമില്ലാതെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മെട്രോ യാത്രക്കാരുടെ എണ്ണവും മറ്റ് വിവരങ്ങളും കൈമാറാനുള്ള അനുമതി കേന്ദ്ര സർക്കാർ കെഎംആർഎല്ലിന് അനുവദിച്ചിരുന്നു. ഇതിൻറെ കൂടി സഹായത്തോടെയാണ് ഈ പദ്ധതികളെല്ലാം നടപ്പാക്കുന്നത്.
