കൊച്ചിയിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ അമിതഭാരം കയറ്റിയ 48 ചരക്ക് ലോറികൾക്കെതിരെ നടപടിയെടുത്തു. നിയമലംഘനങ്ങൾ കണ്ടെത്തിയ വാഹനങ്ങളിൽ നിന്നായി 16,74,000 രൂപ പിഴ ഈടാക്കിയതായും പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു.

കൊച്ചി: റോഡപകടങ്ങൾ കുറയ്ക്കുന്നതിനും അമിത ഭാരം കയറ്റി സർവീസ് നടത്തുന്ന ചരക്ക് ലോറികളെ നിയന്ത്രിക്കുന്നതിനുമായി മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ 48 ലോറികൾക്കെതിരെ നടപടി. വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയ വാഹനങ്ങളിൽ നിന്നായി 16,74,000 രൂപ പിഴ ഈടാക്കി. എൻഫോഴ്‌സ്‌മെന്റ് ആർടിഒ ബിജു ഐസക്കിന്റെ നേതൃത്വത്തിൽ ജില്ലയിലുടനീളം നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. അങ്കമാലി, പെരുമ്പാവൂർ, തൃപ്പൂണിത്തുറ, മുവാറ്റുപുഴ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. അമിത ഭാരം കയറ്റിയുള്ള സർവീസ് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയ വാഹനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. വരും ദിവസങ്ങളിലും ജില്ലയിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.