തരിശ് നിലങ്ങളും വയലുകളും കൃഷിയോഗ്യമാക്കുന്നതിനായി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്ന കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് ഓഫിസിലെ ജീവനക്കാരും വയലിലേക്കിറങ്ങിയപ്പോൾ വിളഞ്ഞത് നൂറു മേനി. 

കോഴിക്കോട്: തരിശ് നിലങ്ങളും വയലുകളും കൃഷിയോഗ്യമാക്കുന്നതിനായി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്ന കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് ഓഫിസിലെ ജീവനക്കാരും വയലിലേക്കിറങ്ങിയപ്പോൾ വിളഞ്ഞത് നൂറു മേനി. ചെറുവാടി കട്ടപ്പാടത്തെ പുഞ്ചപ്പാടം വയലിലാണ് പഞ്ചായത്ത് ഓഫിസിലെ ടെക്നിക്കൽ അസിസ്റ്റന്റ് അജ്നാസ്, എൻ.ആർ.ഇ.ജി അസിസ്റ്റന്റ് എൻജിനിയർ റാസിക്, ഓവർസിയർ മുഹമ്മദ് അർഷാദ്, ഓഫിസ് അസിസ്റ്റന്റ് ബഷീർ നെച്ചിക്കാട്ട് എന്നിവർ നെൽകൃഷിയിറക്കിയത്. 

രാവിലെയും വൈകുന്നേരങ്ങളിലും കൃഷിയിടത്തിലെത്തിയാണ് ഇവർ നെൽകൃഷി പരിചരിച്ചത്. തങ്ങളുടെ ഡ്യൂട്ടി സമയങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികളേയും ജോലിക്ക് വെച്ചു. ഗ്രാമ പഞ്ചായത്തിന്റേയും കൃഷിഭവന്റെയും പൂർണ പിന്തുണ കൂടി ഇവര്‍ക്ക് ലഭിച്ചിരുന്നു. ഇവരുടെ കൃഷിയിലെ വിളവ് കണ്ടറിഞ്ഞ് സമീപവയലുകളിലും നിരവധി കർഷകർ നെൽകൃഷി ആരംഭിച്ചിട്ടുണ്ട്. പൂർണമായും ജൈവ രീതിയിൽ ഉമ ഇനത്തിൽപ്പെട്ട അത്യുൽപ്പാദനശേഷിയുള്ള നെൽവിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. നെൽകൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു.