ആ കുതിരയുടെയും കുഞ്ഞിന്റെയും ജീവൻ തിരികെ കിട്ടാൻ ഉടമ ഷാനവാസ് നടത്തിയ ശ്രമങ്ങൾക്ക് ഒടുവിൽ ശുഭപര്യവസാനം. 

കൊല്ലം: കൊല്ലം പള്ളിമുക്കിൽ ഒരു സംഘം യുവാക്കൾ ചേർന്ന് അതിക്രൂരമായി മർദിച്ച ​ഗർഭിണിയായ കുതിരയെക്കുറിച്ചുള്ള വാർത്ത ആരും മറക്കാനിടയില്ല. നടുക്കത്തോടെയും അതിലേറെ രോഷത്തോടെയും ആണ് ആ ദൃശ്യങ്ങൾ ചർച്ചയായത്. ആ കുതിരയുടെയും കുഞ്ഞിന്റെയും ജീവൻ തിരികെ കിട്ടാൻ ഉടമ ഷാനവാസ് നടത്തിയ ശ്രമങ്ങൾക്ക് ഒടുവിൽ ശുഭപര്യവസാനം. ക്രൂര ആക്രമണം നേരിട്ട കുതിര കഴിഞ്ഞ ദിവസമാണ് പ്രസവിച്ചത്. വീട്ടിലേക്ക് ഒരു കുഞ്ഞ് അതിഥിയെത്തിയതിന്റെ സന്തോഷത്തിലാണ് ഷാനവാസ്. ദിയയെന്ന് പേരുള്ള കുതിരക്ക് ആൺകു‍ഞ്ഞാണ് ഉണ്ടായിരിക്കുന്നത്. 

''നാട്ടുകാരെല്ലാം വളരെ സന്തോഷത്തിലാണ്. ദിയ എന്നാണ് പ്രസവിക്കുന്നത് എന്ന് എല്ലാവരും എല്ലാ ദിവസവും ചോദിക്കും. പ്രസവിക്കുമ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്ന് ഭയത്തിലായിരുന്നു ഞാനും. എന്തെങ്കിലും സംഭവിക്കുമോ എന്ന് നല്ല പേടിയുണ്ടായിരുന്നു. എല്ലാവർക്കും ആശങ്കയുണ്ടായിരുന്നു.'' ഉടമ ഷാനവാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്നത്തെ ആക്രമണത്തിന്റെ ഭയം ഇപ്പോഴും ദിയയ്ക്ക് വിട്ടുമാറിയിട്ടില്ല. അതുകൊണ്ട് തന്നെ പുറത്ത് നിന്നുള്ള ആരെയും കുഞ്ഞിന്റെ അടുത്തേക്ക് അടുപ്പിക്കാറില്ലെന്നും ഷാനവാസ് പറയുന്നു.