കൊല്ലം: കൊല്ലം ജില്ലാ ജയിലില്‍ നിന്നുള്ള ഭക്ഷണവും ഇനി ഓണ്‍ലൈനായി ലഭ്യമാകും. അഞ്ച് ഇനം ഭക്ഷണമടങ്ങുന്ന കോംപോ പാക്കിന് 125 രൂപയാണ് വില.

മൂന്ന് ചപ്പാത്തി, 500 ഗ്രാം ബിരിയാണി, ചിക്കൻ കറി, ഹല്‍വ അല്ലെങ്കില്‍ കിണ്ണത്തപ്പം, ഒരു കുപ്പി വെള്ളം ഇതാണ് കോംപോ പാക്കില്‍ ഉള്ളത്. ജയിലില്‍ നേരിട്ടെത്തി ഇത് വാങ്ങാമെന്ന് കരുതിയാൽ നടക്കില്ല. ഓണ്‍ലൈൻ വഴി മാത്രമേ ഈ കോംപോ പാക്ക് ലഭ്യമാകൂ. കൊല്ലം ജില്ലാ ജയിലിന്‍റെ ആറ് കിലോമീറ്റര്‍ ചുറ്റളവില്‍ ഇത് ഓണ്‍ലൈനായി കിട്ടും. ഓണ്‍ലൈൻ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതി തുടങ്ങി ആദ്യ ദിവസങ്ങളില്‍ 100 പാക്കറ്റുകളാണ് തയാറാക്കുക. ആവശ്യക്കാരുടെ എണ്ണം കൂടുകയാണെങ്കില്‍ അതിനനുസരിച്ച് എണ്ണം കൂട്ടാനാണ് തീരുമാനം. ജയിലില്‍ തടവുകാര്‍ തന്നെയാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ഒരാള്‍ക്ക് ഒരു ദിവസം 148 രൂപയാണ് കൂലി കിട്ടുന്നത്.

"