കൊല്ലം: കൊല്ലം കാവനാട് ബൈപ്പാസില്‍ വീണ്ടും അപകടപരമ്പര. കഴിഞ്ഞദിവസം രാത്രിയില്‍ ബൈക്ക് യാത്രികൻ അജ്ഞാത വാഹനം ഇടിച്ച് മരിച്ചു. പൊതുമരാമത്ത് വകുപ്പുമന്ത്രിയുടെ നിർദ്ദേശ പ്രകാരമുള്ള റോഡ് സുരക്ഷ സംവിധാനങ്ങള്‍ ഇതുവരെയും സജ്ജമാക്കിയിട്ടില്ല. കൊല്ലം കാവനാട് ബൈപാസ്സിലെ അപകടങ്ങളെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് തയ്യാറാക്കിയ വാർത്താപരമ്പര നിയമസഭയില്‍വരെ വലിയ ചർച്ച ആയതിനെതുടർന്ന് സുരക്ഷിത യാത്രക്കായി വിവിധ പദ്ധതികളാണ് പൊതുമരാമത്ത് വകുപ്പ് ആസൂത്രണം ചെയ്തത്. ഇതില്‍ പലതും  നടപ്പാക്കിയിട്ടില്ല എന്നതിന് തെളിവാണ് കഴിഞ്ഞ ഒരുമാസത്തിനിടക്ക് ഉണ്ടായ അപകടങ്ങള്‍. ഒട്ടുമിക്ക അപകടങ്ങളും രാത്രിയില്‍ ആയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ ബൈക്ക് യാത്രികനായ യുവാവിനെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഉമയനെല്ലൂർ സ്വദേശിയായ റാഫിയുടെ ജീവൻ നഷ്ടമായിരുന്നു.

13 കിലോമിറ്റർ ദൂരമുള്ള ബൈപാസില്‍ തെരുവിളക്കുകള്‍ സ്ഥാപിക്കാനും സിസിടിവി ക്യാമറ നിരിക്ഷണം ശക്തമാക്കാനുമായിരുന്നു പ്രധാന തീരുമാനം. ഇതിനായി നഗരസഭ ഉള്‍പ്പടെ ഫണ്ട് വിനിയോഗിക്കാൻ തയ്യാറായിരുന്നു. എസ്സിമേറ്റും തയ്യാറാക്കി. എന്നാല്‍ ഇതുവരെ ഒരുക്യാമറ പോലും സ്ഥാപിച്ചില്ല. ഇടറോഡുകളിലെ സ്പീഡ് ബ്രേക്കറുകളുടെ
നിർമ്മാണം മാത്രമാണ് പൂർത്തിയാക്കിയത്. മൂന്ന് പോലീസ് സ്റ്റേഷനുകളാണ് ബൈപാസ്സ്റോഡിന്‍റെ അതിർത്തി പങ്കിടുന്നത്. ഇതില്‍ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലാണ് ഏറ്റവും കുടുതല്‍ അപകടങ്ങള്‍ റിപ്പോർട്ട് ചെയ്യത്. കഴിഞ്ഞ പത്ത് മാസത്തിനിടയ്ക്ക് എൺപത്തിനാല് വാഹന അപകടങ്ങളുണ്ടായി. ആറ് മരണം റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് പട്രോളിങ്ങ് രാത്രിയും പകലുമായി നടക്കുന്നുണ്ട്. അപകടങ്ങളില്‍ ഇരയായവരില്‍ അധികം പേരും ഇരുചക്രവാഹന യാത്രക്കാരാണ്. റോഡ് സുരക്ഷ പദ്ധതി നടപ്പാക്കുന്നതില്‍ എവിടെയാണ്  പാളിച്ചസംഭവിച്ചതെന്ന് ആരും വ്യക്തമാക്കുന്നില്ല .