ജീവനക്കാരി ഷീബയുടെ ഭർത്താവ് ഷാജിക്കും സഹോദരൻ ഷിബുവിനും നേരെയാണ് ആക്രമണം ഉണ്ടായത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിലെത്തിയവർ ആക്രമിച്ചെന്നാണ് പരാതി. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്ലം: ​കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ ഫാം ഹൗസ് ജീവനക്കാരിയുടെ ഭർത്താവിനും സഹോദരനും നേരെ ആക്രമണമെന്ന് പരാതി. ജീവനക്കാരി ഷീബയുടെ ഭർത്താവ് ഷാജിക്കും സഹോദരൻ ഷിബുവിനും നേരെയാണ് ആക്രമണം ഉണ്ടായത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിലെത്തിയവർ ആക്രമിച്ചെന്നാണ് പരാതി. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാജിയ്ക്കും ഭാര്യയ്ക്കും ഇന്നലെ വധഭീഷണി വന്നിരുന്നു. സംഭവത്തിൽ ഇരുവരും ഇന്നലെ പൊലീസിൽ പരാതി നൽകിയിരുന്നു. അതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

അതേസമയം, ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കൊല്ലം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. റൂറല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത വിവരം കോടതിയില്‍ റിപ്പോര്‍ട്ടായി നല്‍കി. പ്രൊഡകഷന്‍ വാറണ്ടിനുള്ള അപേക്ഷയും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എംഎം ജോസ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി നാളെ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. പൊലീസ് അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമായി പ്രതികളുടെ മൊഴിയിലുള്ള അവ്യക്തത ഉള്‍പ്പെടെ മാറുന്നതിനായി വിശദമായ ചോദ്യം ചെയ്യലിനാണ് ക്രൈംബ്രാഞ്ച് നീക്കം. കേസ് അന്വേഷണം ഇതുവരെ പൂയപ്പള്ളി പൊലീസാണ് നടത്തിയിരുന്നത്. ഇന്ന് ഉച്ചയോടെയാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡിഐജി ഉത്തരവിറക്കിയത്. 13 അംഗ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്.