ഓസ്‌ട്രേലിയയിൽ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത ദമ്പതികൾ പിടിയിലായി. ചെട്ടികുളങ്ങര സ്വദേശികളായ ബിജു ബാലനെയും ഭാര്യ രശ്മിയെയും എറണാകുളത്ത് നിന്നാണ് പൂയപ്പള്ളി പൊലീസ് പിടികൂടിയത്. ഇവർക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ നിരവധി തട്ടിപ്പ് കേസുകൾ നിലവിലുണ്ട്.
കൊല്ലം: ഓസ്‌ട്രേലിയയിൽ ജോലിയും സിറ്റിസൺഷിപ്പും വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതികളായ ദമ്പതികൾ അഞ്ചുമാസത്തെ ഒളിവ് ജീവിതത്തിന് ശേഷം പിടിയിൽ. ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശികളായ ബിജു ബാലൻ (52), ഭാര്യ രശ്മി (44) എന്നിവരാണ് പൂയപ്പള്ളി പൊലീസിന്റെ പിടിയിലായത്. എറണാകുളം ജില്ലയിലെ മരട് ഭാഗത്ത് നിന്നുമാണ് പൊലീസ് സംഘം ദമ്പതികളെ പിടികൂടിയത്. 2025 ഒക്ടോബറിലാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ഇരുവരും ഒളിവിൽ പോവുകയായിരുന്നു. പ്രതികൾക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർക്കെതിരെ നിരവധി കേസുകളാണ് നിലവിലുള്ളത്. പൂയപ്പള്ളി സ്വദേശിയിൽ നിന്ന് ഓസ്ട്രലിയൻ വിസ വാഗ്ദാനം ചെയ്ത് 10.50 ലക്ഷം രൂപയും വിവാഹ വാഗ്ദാനം നൽകി 15.52 ലക്ഷം രൂപയും തട്ടിച്ച കേസുകൾക്ക് പുറമെ വിദേശത്ത് ബിസിനസ് തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 20 ലക്ഷം രൂപ കൈക്കലാക്കിയ കേസുകൾ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിരുന്നു. ഇതിനിടെ കോഴിക്കോട് സ്വദേശിനിയിൽ നിന്ന് 85 ലക്ഷം രൂപ തട്ടിച്ച വമ്പൻ കേസുകളും വന്നു.
കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലടക്കം വാഹനങ്ങൾ മറിച്ചു വിറ്റും ലോൺ വാഗ്ദാനം ചെയ്തും വേറെയും തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്. കൊട്ടാരക്കര ഡിവൈഎസ്‌പി എം.കെ. ബിനുകുമാറിന്റെ നിർദ്ദേശപ്രകാരം പൂയപ്പള്ളി ഇൻസ്പെക്ടർ പി. ഷാജിമോൻ, എസ്‌ഐ രജനീഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.


