കൊല്ലം കുണ്ടറയിൽ 8 കിലോ കഞ്ചാവുമായി യുവതി ഉൾപ്പെടെ നാലുപേർ പൊലീസ് പിടിയിലായി. ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗം എത്തിച്ച കഞ്ചാവ് ബസിൽ കടത്താൻ ശ്രമിക്കവെയാണ് ഇവർ പിടിയിലായത്

കൊല്ലം: കൊല്ലം കുണ്ടറയിൽ 8 കിലോ കഞ്ചാവുമായി യുവതി ഉൾപ്പെടെ നാലുപേർ പൊലീസ് പിടിയിൽ. തമിഴ്നാട് തിരുപ്പൂർ സ്വദേശിനി ലക്ഷ്മി, കൊല്ലം ചാരുംമൂട് സ്വദേശി അരുൺ, താമരക്കുളം സ്വദേശി സെനിൽ രാജ്, പെരുമ്പുഴ സ്വദേശി രഞ്ജിത്ത് എന്നിവരാണ് കുണ്ടറ ഏഴാംകുറ്റി ഇ എസ് ഐ ആശുപത്രിക്ക് സമീപത്തുവെച്ച് പിടിയിലായത്. ആന്ധ്രയിൽ നിന്നും ട്രെയിൻ മാർഗം കഞ്ചാവ് കൊല്ലത്തേക്ക് എത്തിച്ച ശേഷം ബസിൽ കുണ്ടറയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. റൂറൽ ഡാൻസാഫ് സംഘവും കുണ്ടറ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.

എൻ ഡി പി എസ് ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു

പിടിച്ചെടുത്ത 8 കിലോ കഞ്ചാവ് വൻതോതിൽ വിതരണത്തിനായി കൊണ്ടുവന്നതാണെന്ന് പൊലീസ് സംശയിക്കുന്നു. പ്രതികൾക്കെതിരെ എൻ ഡി പി എസ് ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഞ്ചാവിന്റെ ഉറവിടം, വിതരണ ശൃംഖല, മറ്റ് സാധ്യമായ തീവ്രവാദ ബന്ധങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. പ്രദേശത്ത് ലഹരിമരുന്ന് വിതരണം തടയാൻ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

മലപ്പുറത്ത് കഞ്ചാവ് മിഠായികളുമായി രണ്ട് യുവാക്കള്‍ പിടിയിൽ

അതിനിടെ മലപ്പുറത്ത് നിന്നും പുറത്തുവന്ന വാർത്ത കഞ്ചാവ് മിഠായികളുമായി രണ്ട് യുവാക്കള്‍ വഴിക്കടവ് ആനമറി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടിയിലായി എന്നതാണ്. ഗുഡല്ലൂര്‍ ടൗണ്‍ സ്വദേശികളായ ജിഷാദ് (19), മുഹമ്മദ് കാസിം (18) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തു. വര്‍ണ കടലാസില്‍ പൊതിഞ്ഞ 125 ഗ്രാം വരുന്ന കഞ്ചാവ് മിഠായികളാണ് പിടികൂടിയത്. ചെക്ക്‌പോസ്റ്റില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി യിലുണ്ടായിരുന്ന അസിസ്റ്റന്റ്‌റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് മുസ്തഫ ചോലയിലും സംഘവുമാണ് പ്രതികളെ പിടികൂടിയത്. മഞ്ചേരിയിലെ ഒരു മുറുക്കാന്‍ കടയില്‍ നിന്നാണ് മിഠായികള്‍ വാങ്ങിയതെന്നാണ് പ്രതികളുടെ മൊഴി. ഇരുവരും മഞ്ചേരിയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ്. പ്രതികളുടെ മൊഴി പ്രകാരം കടയില്‍ മഞ്ചേരി എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഇവിടെ നിന്നും കഞ്ചാവ് മിഠായികള്‍ പിടിച്ചെടുത്തിട്ടുണ്ട്. മിഠായികളുടെ ലേബലില്‍ ഛത്തിസ്ഗഢിലെ ഒരു സ്ഥാപനത്തിന്റെ മേല്‍വിലാസമാണ് ഉള്ളത്. പിടിച്ചെടുത്ത കഞ്ചാവ് മിഠായികള്‍ പരിശോധനക്കായി കോഴിക്കോട് റീജനല്‍ ലബോറട്ടറിയിലേക്ക് അയച്ചു. പ്രതികളെയും തൊണ്ടി സാധനങ്ങളും കേസ് അന്വേഷണത്തിന്റെ തുടര്‍ നടപടികള്‍ക്കായി നിലമ്പൂര്‍ എക്‌സൈസ് റേഞ്ചിന് കൈമാറി.