യാത്രക്കാര്‍ക്ക് റെയില്‍വെയുടെ ഇരുട്ടടി, കൊല്ലത്തെ റിസര്‍വേഷന്‍ കൗണ്ടര്‍ പൂട്ടി, റീത്ത് വെച്ച് പ്രതിഷേധം
ടിക്കറ്റ് ബുക്ക് ചെയ്യാൻ റിസർവേഷൻ കൗണ്ടർ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലെത്തുമ്പോഴാണ് യാത്രക്കാർ പലരും കൗണ്ടർ അടച്ചു പൂട്ടിയ വിവരം അറിയുന്നത്. സാധാരണ ടിക്കറ്റ് കൗണ്ടറുകളിൽ തന്നെ റിസർവേഷൻ കൗണ്ടറും വന്നതോടെ തിരക്കും കൂടി.

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടർ നിർത്തലാക്കിയതിനെതിരെ വ്യാപക പ്രതിഷേധം. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് ഭാഗമായാണ് റെയിൽവേ റിസർവേഷൻ കൗണ്ടർ നിർത്തലാക്കിയത്. എന്നാൽ യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് കൌണ്ടറുകൾ പുനസ്ഥാപിക്കണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം. പൂട്ടിയ റിസര്‍വേഷന്‍ കൗണ്ടറിന് മുന്നില്‍ റീത്ത് വെച്ചാണ് യാത്രക്കാര്‍ പ്രതിഷേധമറിയിച്ചത്. ടിക്കറ്റ് ബുക്ക് ചെയ്യാൻ റിസർവേഷൻ കൌണ്ടർ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലെത്തുമ്പോഴാണ് യാത്രക്കാർ പലരും കൗണ്ടർ അടച്ചു പൂട്ടിയ വിവരം അറിയുന്നത്.
നവംബർ ഒന്നിനാണ് കൊല്ലത്തെ റിസർവേഷൻ കൗണ്ടറിന്റെ പ്രവർത്തനം നിർത്തലാക്കിയത്. റെയിൽവെ പാഴ്സൽ സർവീസ് ഓഫീസിന് മുകളിലാണ് വർഷങ്ങളായി റിസർവേഷൻ കൗണ്ടർ പ്രവർത്തിച്ചിരുന്നത്. യാത്രക്കാർക്കുള്ള ഇരിപ്പിടവും വിശാലമായ കൗണ്ടറുമാണ് ഉണ്ടായിരുന്നത്. പുതിയ തീരുമാനം പ്രകാരം സാധാരണ കൗണ്ടറിൽ തന്നെയാണ് റിസർവേഷൻ കൗണ്ടറും. ഇത് വലിയ ബുദ്ധിമുട്ടാണ് യാത്രക്കാർക്കുണ്ടാക്കുന്നത്.
പ്രായമയവർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് കൂടുതൽ പ്രതിസന്ധി. സാധാരണ ടിക്കറ്റ് കൗണ്ടറുകളിൽ തന്നെ റിസർവേഷൻ കൗണ്ടറും വന്നതോടെ തിരക്കും കൂടി. കൊല്ലത്തിന് പുറമെ തിരുവനന്തപുരം, കായംകുളം സ്റ്റേഷനുകളിലേയും റിസർവേഷൻ കൗണ്ടറുകളുടെ എണ്ണം കുറച്ചു. കൂടുതൽ സ്റ്റേഷനുകളിലും കൗണ്ടറുകൾ കുറയ്ക്കും. പലയിടങ്ങളിലും എൻക്വയറി കൗണ്ടറുകളും നിർത്തലാക്കി. അറുപത് ശതമാനം ടിക്കറ്റുകളും ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നത് കൊണ്ടാണ് റിസർവേഷൻ കൌണ്ടറുകൾ നിർത്തലാക്കുന്നതെന്നാണ് റെയിൽവേയുടെ വാദം.