'ആണും പെണ്ണും ഒരുമിച്ചിരിക്കരുത്, രാത്രി മുറി പുറത്തുനിന്ന് പൂട്ടും'; പ്രചരിക്കുന്ന സർക്കുലർ തള്ളി കോളേജ്
ഔദ്യോഗിക സീലോ ഒപ്പോ ഇല്ലാത്ത സർക്കുലർ കോളേജിനെ അപമാനിക്കാൻ മനപ്പൂര്‍വ്വം ഉണ്ടാക്കിയതെന്നാണ് പ്രിൻസിപ്പാളിന്റെ വാദം.
കൊല്ലം: കൊല്ലം എസ് എൻ കോളേജിൽ വിദ്യാർത്ഥികളുടെ വിനോദയാത്രയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന സർക്കുലറിനെ തള്ളി കോളേജ് പ്രിൻസിപ്പാൾ. ഔദ്യോഗിക സീലോ ഒപ്പോ ഇല്ലാത്ത സർക്കുലർ കോളേജിനെ അപമാനിക്കാൻ മനപ്പൂര്‍വ്വം ഉണ്ടാക്കിയതെന്നാണ് പ്രിൻസിപ്പാളിന്റെ വാദം. അതേസമയം അധ്യാപകരുടെ സദാചാര നടപടികൾ അംഗീകരിക്കില്ലെന്ന മുദ്രാവാക്യമുയർത്തി എസ്എഫ്ഐ കോളേജിൽ പ്രതിഷേധം സംഘടിപ്പിച്ചു.
പെൺകുട്ടികളിരിക്കുന്ന സീറ്റിനടുത്ത് ആൺകുട്ടികൾ ഇരിക്കരുത്, രാത്രിയിൽ പെൺകുട്ടികൾ കിടക്കുന്ന മുറി പുറത്ത് നിന്ന് പൂട്ടും, അത്യാവശ്യമെങ്കിൽ മാത്രം പുറത്തിങ്ങാൻ സൈറൻ ഉപയോഗിക്കാം, ആണ്‍കുട്ടികളും പെൺകുട്ടികളും ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കരുത് ഇങ്ങനെ 11 കാര്യങ്ങളാണ് വിചിത്രമായ സര്‍ക്കുലറിൽ ഉണ്ടായിരുന്നത്. ഈ സര്‍ക്കുലർ താനോ അധ്യാപകരോ ഇറക്കിയതല്ലെന്നാണ് പ്രിൻസിപ്പാളിന്‍റെ നിലപാട്. കോളേജിനെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമിച്ച സർക്കുലറിന്‍റെ ഉറവിടം കണ്ടെത്താൻ മാനേജ്മെന്റുമായി കൂടിയാലോചിച്ച് പൊലീസിനെ സമീപിക്കുമെന്നും പ്രിൻസിപ്പാൾ പറഞ്ഞു.
സര്‍ക്കുലറിനെതിരെ കോളേജിൽ എസ്എഫ്ഐ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഒന്നിച്ചിരുന്നു ആടിയും പാടിയുമൊക്കെയായിരുന്നു പ്രതിഷേധം. സദാചാരം പടിക്ക് പുറത്ത് എന്ന പേരിൽ കോളേജ് കവാടത്തിൽ ബാനറും കെട്ടി. അപ്പോഴും സര്‍ക്കുലർ ഇറക്കിയത് ആരെന്ന് എസ്എഫ്ഐക്ക് അറിയില്ല. മുൻകാലങ്ങളിലും സാദാചാര നടപടികൾ അധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികൾ പറയുന്നു. അതേസമയം സ്റ്റാഫ് മീറ്റിങ് കൂടി തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് കോളേജ് പ്രിൻസിപ്പാളിന്‍റെ നിലപാട്.