കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഇവിടെയുള്ള ചെക്ക്ഡാമില്‍ മീന്‍ പിടിക്കുന്നതിനിടെ യുവാവ് പുഴയിലകപ്പെട്ട് മരിച്ചത്. 

കല്‍പ്പറ്റ: അടിക്കടി മരണങ്ങള്‍ ഉണ്ടായതോടെ കൂടല്‍ക്കടവ് മരണക്കയമായെന്ന് നാട്ടുകാര്‍. അഞ്ച് വര്‍ഷത്തിനിടയില്‍ അഞ്ച് ജീവനുകളാണ് കൂടല്‍ക്കടവ് തടയണയില്‍ പൊലിഞ്ഞത്. ആഴത്തിനൊപ്പം കനത്ത ഒഴുക്കും രക്തമുറയുന്ന തണുപ്പും മനുഷ്യജീവനകളെ ഇല്ലാതാക്കുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. അപകട സാധ്യത ഏറിയ ഇടമാമായിട്ട് പോലും ആളുകള്‍ പുഴയിലിറങ്ങാതിരിക്കാന്‍ ആവശ്യമായ മുന്നറിയിപ്പ് സംവിധാനങ്ങളൊന്നും തന്നെ ഇവിടെയില്ല. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഇവിടെയുള്ള ചെക്ക്ഡാമില്‍ മീന്‍ പിടിക്കുന്നതിനിടെ യുവാവ് പുഴയിലകപ്പെട്ട് മരിച്ചത്. 

പനമരം ചുണ്ടക്കുന്ന് പൂക്കോടന്‍ നാസര്‍ (37) ആണ് മരിച്ചത്. ചെക്ക്ഡാമിന് മുകളില്‍ നിന്നും വലയെറിഞ്ഞ് മീന്‍ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ ഡാമിന് താഴേക്ക് പതിക്കുകയായിരുന്നു. വലയുടെ കയര്‍ കൈകാലുകളില്‍ ചുറ്റിവരിഞ്ഞതോടെ ഇദ്ദേഹത്തിന് രക്ഷപ്പെടനായില്ല. മൂന്നുവര്‍ഷം മുമ്പ് കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ മുങ്ങി മരിച്ചിരുന്നു. 2019 ല്‍ കൂടല്‍ കടവ് തടയണയില്‍ കുളിക്കുന്നതിനിടെ കാട്ടിക്കുളം സ്വദേശിയായ ഒന്‍പതാം ക്ലാസ്സുകാരനും തൊട്ടുമുമ്പിലത്തെ വര്‍ഷം മീന്‍ പിടിക്കുന്നതിനിടെ ഒരു ആദിവാസി യുവാവും കൂടല്‍ക്കടവിന്റെ ആഴങ്ങളിലകപ്പെട്ട് മരണം പുല്‍കി. ഒടുവിലുത്തേതാണ് നടവയല്‍ ആലംമൂല അത്തിപ്പുര ലക്ഷ്മണന്‍ തമ്പി (35)യുടെ ദാരുണമരണം.

പനമരത്ത് നിന്നും പതിനൊന്ന് കിലോമീറ്റര്‍ മാറി പേര്യാമലയില്‍ നിന്നും വരുന്ന മാനന്തവാടി പുഴയും, ബാണാസുര മലയില്‍നിന്നുമെത്തുന്ന പനമരം പുഴയും സംഗമിക്കുന്നയിടത്താണ് കൂടല്‍ക്കടവ് തടയണുള്ളത്. 200 മീറ്ററോളം നീളവും രണ്ട് മീറ്റര്‍ ഉയരവും രണ്ട് മീറ്റര്‍ വീതിയും ഉണ്ട് തടയണക്ക്. തടയണയുടെ കെട്ടിന് മുകളില്‍ ചീളുകള്‍ക്ക് മീതെ 13 ഓളം കോണ്‍ഗ്രീറ്റ് സ്ലാബുകള്‍ വെച്ചിരുന്നു. അവയില്‍ മൂന്നെണ്ണമേ ഇപ്പോള്‍ ശേഷിക്കുന്നുള്ളൂ. ബാക്കി മുഴുവന്‍ സ്ലാബുകളും വെള്ളത്തിന്റെ ഒഴുക്കില്‍ നിലംപൊത്തിയിരിക്കുകയാണ്. അഞ്ചുവര്‍ഷം മുമ്പ് ഇവിടെ താല്‍ക്കാലികമായി പലകകള്‍ വെച്ചിരുന്നെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ അതും കാണാതായി. 

ഒരു മീറ്ററിലധികം വിസ്താരത്തിലുള്ള വിടവുകളാണ്. ഈ ഇരുപതോളം വിടവുകള്‍ ചാടികടന്നാണ് സഞ്ചാരികളും മീന്‍പിടുത്തക്കാരും തടയണയുടെ അക്കരെ എത്തുന്നത്. വെള്ളത്തിന്റെ ശക്തമായ കുത്തൊഴുക്കില്‍ കാലൊന്ന് തെറ്റിയാല്‍ താഴെ വീഴും. ഇവിടമാകെ പാറക്കല്ലുകളാണ്. വഴുക്കല്‍ കാരണം വീണ് കല്ലില്‍ തലയിടിച്ച് വലിയ അപകടം ഉണ്ടാവാനുള്ള സാധ്യതയും ഏറെയാണെന്ന് പരിസരവാസികള്‍ പറയുന്നു. അടുത്ത കാലത്തായി ദൂരദിക്കുകളില്‍ നിന്നുപോലും സഞ്ചാരികള്‍ എത്തുന്നയിടമായി കൂടല്‍ക്കടവ് മാറിയിട്ടുണ്ട്. വേനലില്‍ നീന്തിക്കുളിക്കാന്‍ എത്തുന്നവരും ഏറെയാണ്.

സുരക്ഷ ഇല്ലാത്ത തടയണയില്‍ മീന്‍പിടിത്തക്കാരുടെയും സഞ്ചാരികളുടെയും വരവ് അധികരിച്ചതോടെ നാട്ടുകാര്‍ നിരന്തരം പരാതിപ്പെട്ടിട്ടുണ്ട്. നാലുതവണ പുഴയിലെ അപകടസാധ്യതയെ കുറിച്ച് സ്‌പെഷ്യല്‍ബ്രാഞ്ചും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ആളുകളേറുമ്പോള്‍ നാട്ടുകാര്‍ നല്‍കുന്ന വിവരത്തില്‍ പൊലീസ് ഇടയ്‌ക്കെല്ലാം സ്ഥലത്തെത്തി സഞ്ചാരികളെ കാര്യങ്ങള്‍ ബോധിപ്പിച്ച് തിരിച്ചയക്കാറുണ്ട്. എന്നാല്‍ വനംവകുപ്പോ, ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റോ ഇത്തരം നടപടികള്‍ പിന്നോക്കമാണ്. ഇവിടെ നിന്നും ഇഷ്ടം പോലെ മത്സ്യം ലഭിക്കുന്നതിനാല്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് മീന്‍പിടുത്തവും കൂടല്‍ക്കടവില്‍ സജീവമാണ്.

ഇവിടെ തടയണ നിര്‍മിക്കുന്നതിന് മുന്‍പും പിന്‍പും മീന്‍ പിടുത്തക്കാര്‍ നിത്യ സന്ദര്‍ശകരാണ്. കുറഞ്ഞ കാലം കൊണ്ട് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയ കൂടല്‍ കടവില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തത് തിരിച്ചടിയാണ്. ലൈഫ് ജാക്കറ്റുകള്‍, കൈവേലികള്‍ എന്നവ ഇല്ല. രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ട് സംവിധാനവുമില്ല. തടയണയുടെ മറുഭാഗത്തുള്ള വനത്തില്‍ നിന്നും കാട്ടാനകള്‍ വെള്ളം കുടിക്കാന്‍ പതിവായി ഇവിടെ എത്താറുണ്ട്. അടുത്ത കാലത്തായി പാറകള്‍ക്ക് മുകളില്‍ മുതലകളെയും കാണ്ടിരുന്നു. ഇത്രയും ജീവനുകള്‍ കാത്തുനില്‍ക്കാതെ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ദിവസങ്ങള്‍ കടന്നുപോവുന്തോറും കൂടല്‍ക്കടവിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കില്‍ വന്‍ വര്‍ധനയാണ്. പാതിരി വനാതിര്‍ത്തോട് ചേര്‍ന്നുള്ള പുഴയിലെ പ്രകൃതി ഭംഗിയാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാനുള്ള പ്രധാന കാരണം. മീന്‍ പിടുത്തത്തിന് പുറമെ പുഴയില്‍ മുങ്ങിക്കുളിച്ചും, തടയണ ചാടിക്കടന്ന് ഭക്ഷണം പാകം ചെയ്തും ദിനം ആസ്വാദ്യകരമാക്കിയാണ് ഇവര്‍ മടങ്ങുക. ഒരിക്കല്‍ എത്തുന്നവര്‍ ഇവിടെ സ്ഥിരം സന്ദര്‍ശകരാവുകയാണ് പതിവ്. ഏതായാലും ഇനിയെങ്കിലും കൂടല്‍ക്കടവില്‍ ജീവനുകള്‍ പൊലിയുന്നത് തടയാന്‍ അധികൃതര്‍ മനസ്സുവെക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഒടുവില്‍ 18 കൊല്ലത്തിന് ശേഷം 'ഒറിജിനല്‍ മഞ്ഞുമ്മല്‍ ബോയ്സ്'ഗുണകേവ് സന്ദര്‍ശിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം