ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ഒക്ടോബര്‍ 25 ന് രാത്രി നീണ്ടൂർ ഭാഗത്തുള്ള ബാറിന് സമീപം വച്ച്  നീണ്ടൂർ സ്വദേശിയായ യുവാവിനെ മർദ്ദിക്കുകയും കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

കോട്ടയം : ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ, ചേർത്തല തൈക്കൽ സ്വദേശി അനന്തു അനിരുദ്ധനാണ് അറസ്റ്റിൽ ആയത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ഒക്ടോബര്‍ 25 ന് രാത്രി നീണ്ടൂർ ഭാഗത്തുള്ള ബാറിന് സമീപം വച്ച് നീണ്ടൂർ സ്വദേശിയായ യുവാവിനെ മർദ്ദിക്കുകയും കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച ഇയാളുടെ സുഹൃത്തിനെയും ഇവർ സംഘം ചേർന്ന് മർദ്ദിച്ചു. പണമിടപാടിന്റെ പേരില്‍ യുവാവിനോട് ഇവർക്ക് മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ സംഘം ചേർന്ന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കേസിൽ അർജുൻ, അഭിജിത്ത് രാജു, ഗൗതം, അജിത്കുമാർ , ശ്രീജിത്ത്.എം എന്നിവരെ പിടികൂടിയിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന അനന്തുവിനെ തിരുവനന്തപുരത്തു നിന്നുമാണ് പോലീസ് പിടികൂടിയത്. 

കാപ്പ നിയമം ലംഘിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

പാലായിൽ കാപ്പ നിയമം ലംഘിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു .പരുമലക്കുന്ന് സ്വദേശി ജോജോ ജോർജ്ജാണ് പിടിയിലായത്. പാലാ സ്റ്റേഷനിൽ അടിപിടി, കൊലപാതകശ്രമം, പിടിച്ചുപറി തുടങ്ങിയ കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം 9 മാസത്തേക്ക് ജില്ലയിൽ നിന്നും ഇയാളെ നാടുകടത്തിക്കൊണ്ട് ഉത്തരവാകുകയായിരുന്നു. എന്നാൽ ഇയാൾ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പാലായിൽ നിന്നും പിടികൂടുന്നത്.