തിരുവനന്തപുരം: കോവളം - ബേക്കൽ ജലപാതയ്ക്ക് തടസമായിരുന്ന  പനത്തുറയിലെ തർക്കത്തിന് പരിഹാരമായി . ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നാട്ടുകാരുമായി ഇന്നലെ നടന്ന സമവായ ചർച്ച വിജയിച്ചതോടെയാണ്  തർക്കത്തിൽ പെട്ട് നിലച്ചുപോയ   കോവളം-ബേക്കൽ ജലപാത പദ്ധതിക്ക് ജീവൻ വെക്കുന്നത്.

ജില്ലാ കളക്ടർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ  ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ്  പനത്തുറയിലെത്തി നാട്ടുകാരുമായി  ചർച്ച നടത്തി സമവായം ഉണ്ടാക്കിയത്. കോവളം-ബേക്കൽ  ജലപാതപദ്ധതിയുടെ  ഭാഗമായി ശുചീകരണപ്രവർത്തനങ്ങൾ  നടന്നുവരുന്നതിനിടെയാണ് പനത്തുറയിലെ   200 മീറ്ററോളം വരുന്ന പാർവതീപുത്തനാറിന്റെ  അടഞ്ഞുപോയ ഭാഗം തുറക്കാനുള്ള അധികൃതരുടെ നിക്കം നാട്ടുകാർ തടഞ്ഞത്.

ഇതോടെ കോവളം-ബേക്കൽ ജലപാത പദ്ധതിതന്നെ അവതാളത്തിലാകുന്ന അവസ്ഥയിലായിരുന്നു. പാർവതീപുത്തനാറിന്റെ തുടക്കവും ജലപാത പദ്ധതി തുടങ്ങേണ്ടതും  കോവളം സമുദ്രാബീച്ചിന്റെ വടക്കുഭാഗത്തു നിന്നാണ്. ഇവിടെ  ശുചീകരണം തുടങ്ങണമെങ്കിൽ പനത്തുറയിൽ അടഞ്ഞുകിടക്കുന്ന പാർവതീപുത്തനാറിന്റെ ഭാഗം തുറക്കണമായിരുന്നു.

ഏറെക്കാലം മുന്നേ അടഞ്ഞുപോയ ഭാഗം വീണ്ടും തുറക്കുന്നത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കും എന്നു വന്നതോടെയാണ് നാട്ടുകാർ എതിർപ്പുമായി രംഗത്തെത്തിയത്. നാട്ടുകാർക്ക് ബുദ്ധിമുട്ടില്ലാതെ പരിഹാരം കാണാൻ കളക്ടർ നേരിട്ടെത്തി നടത്തിയ ചർച്ചയാണ് ഇപ്പോൾ വിജയത്തിലെത്തിയത്.

അടഞ്ഞുപോയ ഭാഗത്തിന് പകരം   കടൽഭിത്തിയിൽ നിന്ന് 35 മീറ്റർ മാറി  29 മീറ്റർ വീതിയിൽ  ജലപാതയും സമാന്തരമായി  അഞ്ച് മീറ്റർ വീതിയിൽ റോഡും നിർമ്മിക്കണം. ഗാബിയോൺ ബോക്സുകൾ നിർമ്മിച്ച് ജലപാതയുടെ സൈഡുകൾ ബലപ്പെടുത്തണം. പനത്തുറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും സമീപത്തെ ഭജനമഠവും തമ്മിൽ ബന്ധിപ്പിക്കുന്നതിന്   ഹൈഡ്രോളിക് പാലം നിർമ്മിക്കണം  തുടങ്ങിയ  നാട്ടുകാരുടെ ആവശ്യങ്ങൾ കളക്ടർ അംഗീകരിച്ചു.

ഇതോടൊപ്പം  നേരത്തെ അധികൃതർ ഉറപ്പ് നൽകിയതും കാലങ്ങളായി പാലിക്കാതിരുന്നതുമായ  കടലിലെ പുലിമുട്ട് നിർമ്മിക്കാനും കടൽ ഭിത്തി ബലപ്പെടുത്താനും  മേജർ ഇറിഗേഷന്‍ വിഭാഗത്തിന് ശുപാർശ ചെയ്യുമെന്ന  ഉറപ്പും ഉൾനാടൻ ജലഗതാഗതവകുപ്പ് ഡയറക്ടർ ശുഭലക്ഷ്മി നാട്ടുകാർക്ക് നൽകി.

ഡെപ്യൂട്ടി കളക്ടർ ജോൺ വി സാമുവൽ, തഹസിൽദാർ പത്മേന്ദ്രക്കുറുപ്പ്, ഉൾനാടൻ ജലഗതാഗതവകുപ്പ്  ഇ ഇ ജോയി ജനാർദ്ദനൻ,  എഎക്സ്ഇ ബിന്ദു, ധീവരസഭ ജില്ലാ പ്രസി‌‌ഡന്റ് പനത്തുറ ബൈജു,  സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം രക്ഷാധികാരി ബി സുധർമ്മൻ, കരയോഗം സെക്രട്ടറി തൃദിപ് കുമാർ, ട്രഷറർ കെ ശിശുപാലൻ, ഇറിഗേഷൻ, പിഡബ്ള്യുഡി ടൂറിസം, കേരള വാട്ടർവേയ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.