Asianet News MalayalamAsianet News Malayalam

ഫിഷ് ലാൻഡിന് സമീപത്ത് പുലിമുട്ടുകൾ നിക്ഷേപിക്കുന്നത് പുനരാരംഭിച്ചു

സ്ഥലപരിമിതി മൂലം ആവശ്യത്തിന് പുലിമുട്ടുകൾ നിർമിച്ചു സൂക്ഷിക്കാൻ കഴിയുന്നില്ല. ഇതാണ് പണി ഇഴഞ്ഞു നീങ്ങാൻ കാരണം. ഒരു പുലിമുട്ടിന് എട്ടു ടണ്ണോളം ഭാരമുണ്ട്.

kovalam fishland thiruvananthapuram
Author
Kovalam, First Published Feb 25, 2021, 9:10 PM IST

തിരുവനന്തപുരം: ഫിഷ് ലാൻഡിനു സമീപത്ത് വാർഫിന്‍റെ വശങ്ങളിൽ പുലിമുട്ടുകൾ നിക്ഷേപിക്കുന്നത് പുനരാരംഭിച്ചു. ശക്തമായ കടൽക്ഷോഭത്തിൽ മുമ്പ് തകർന്ന ഭാഗത്താണ് ഇപ്പോൾ പുലിമുട്ടുകൾ നിക്ഷേപിക്കുന്നത്. ഹാർബർ എൻജിനിയറിങ്ങ് വകുപ്പിന്‍റെ മേൽനോട്ടത്തിലാണ് പണി പുരോഗമിക്കുന്നത്. കോവളം ഇൻസ്പെക്ഷൻ ബംഗ്ലാവിനു സമീപത്താണ് പുലിമുട്ട് നിർമാണം നടക്കുന്നത്. 

സ്ഥലപരിമിതി മൂലം ആവശ്യത്തിന് പുലിമുട്ടുകൾ നിർമിച്ചു സൂക്ഷിക്കാൻ കഴിയുന്നില്ല. ഇതാണ് പണി ഇഴഞ്ഞു നീങ്ങാൻ കാരണം. ഒരു പുലിമുട്ടിന് എട്ടു ടണ്ണോളം ഭാരമുണ്ട്. പ്രത്യേക അനുപാതത്തിൽ സിമൻറ്, എം സാൻറ്, അരയിഞ്ച്, മുക്കാലിഞ്ച്, ഒന്നരയിഞ്ച് എന്നീ അളവിലുള്ള മെറ്റിലും ചേർത്ത് വെള്ളത്തിൽ കുഴച്ചാണ് പുലിമുട്ട് നിർമാണത്തിനുള്ള കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കുന്നത്. കടലിൽ നിക്ഷേപിക്കുന്നതിന് വേണ്ടിയായതിനാൽ കമ്പി ഉപയോഗിക്കില്ല. എങ്കിലും വർഷങ്ങളോളം നശിച്ചുപോകാതെ ഉറപ്പോടെ നിൽക്കും. 

ഇവയ്ക്കാവശ്യമായ മെറ്റീരിയലുകൾ എല്ലാം സർക്കാർ എഞ്ചിനിയറിങ്ങ് കോളേജിൽ പരിശോധിച്ച് ഗുണനിലവാരമുറപ്പ് വരുത്തിയ ശേഷമാണ് നിർമ്മാണം. ശക്തമായ തിരകളെ പ്രതിരോധിക്കുവാൻ ലോകമെമ്പാടും പിന്തുടരുന്ന രീതിയാണ് പുലിമുട്ടുകൾ. നാലു കാലുകൾ ഉള്ളതിനാൽ ക്വാട്രാപോട് എന്ന് വിളിക്കുന്നു. ഇവ കുട്ടിയിടുമ്പോൾ സൃഷ്ടിക്കപ്പെടുന്ന കൂറ്റൻ ഭിത്തിയുടെ ആകാരം ആണ് ശക്തമായ തിരമാലകളെ ചെറുക്കുന്നത്. 

എന്നാൽ കൃത്യമായ പഠനം നടത്താതെ ഇവ നിക്ഷേപിക്കുന്നത് കാൽക്ഷോഭത്തിനും കാരണമാകാറുണ്ടെന്ന് മുൻ സംഭവങ്ങൾ കാണിച്ചുതരുന്നു. ശംഖുമുഖം ,പൂന്തുറ തുടങ്ങിയ തീരങ്ങൾ കടൽകയറി നശിച്ചത് അശാസ്ത്രീയമായ പുലിമുട്ട്  നിക്ഷേപത്തിനെ തുടർന്നാണെന്ന ആരോപണമുണ്ട്.

Follow Us:
Download App:
  • android
  • ios