Asianet News MalayalamAsianet News Malayalam

നിയമം ലംഘിച്ച് കൂറ്റൻ പാറകളുമായി ടിപ്പർ; പിടികൂടി പൊലീസില്‍ എല്‍പ്പിച്ച് എംഎല്‍എ

തിങ്കളാഴ്ച രാവിലെ 9 മണിയോടെ ബാലരാമപുരം കട്ടച്ചൽകുഴി ജങ്ഷനിലാണ് സംഭവം. അമിതമായി ഭാരം കയറ്റി ഒരു വശം ചരിഞ്ഞ അവസ്ഥയിലായിരുന്നു ലോറി റോഡിലൂടെ പോയിരുന്നത്.

Kovalam mla stoped and hand over unauthorized tipper lorry with heavy stones
Author
Kovalam, First Published Jul 19, 2021, 4:50 PM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി അപകടകരമായ നിലയിൽ കൂറ്റൻ പാറകളുമായി പോയ ടിപ്പർ ലോറി കോവളം എം.എൽ.എ എം.വിൻസെന്റ് തടഞ്ഞ് പൊലീസിന് കൈമാറി. സാധാരണ ടിപ്പർ ലോറികൾ തടഞ്ഞു നിറുത്തി പെറ്റി ചുമത്തുന്ന പൊലീസ് എന്നാൽ വിഴിഞ്ഞം, ബാലരാമപുരം പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിലൂടെ അപകടകരമായ നിലയിൽ നിയമംലംഘിച്ചു പായുന്ന ടിപ്പർ ലോറികൾക്കെതിരെ കണ്ണടക്കുന്ന നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. 

തിങ്കളാഴ്ച രാവിലെ 9 മണിയോടെ ബാലരാമപുരം കട്ടച്ചൽകുഴി ജങ്ഷനിലാണ് സംഭവം. അമിതമായി ഭാരം കയറ്റി ഒരു വശം ചരിഞ്ഞ അവസ്ഥയിലായിരുന്നു ലോറി റോഡിലൂടെ പോയിരുന്നത്. പുറകെ വശത്തായിയുള്ള ബ്രെക്ക് ലൈറ്റുകളോ ഇൻഡിക്കേറ്ററുകളോ ലോറിയിൽ ഇല്ലായിരുന്നു. ഈ സമയം ഇതുവഴി പോയ കോവളം എം.എൽ.എ എം. വിൻസെന്റ് ഇത് കാണുകയും തുടർന്ന് തന്റെ ലോറി തടയുകയുമായിരുന്നു. ഇതിന് ശേഷം എം.എൽ.എ ബാലരാമപുരം പൊലീസിനെ വിവരം അറിയിച്ചു. 

എം.എൽ.എ ലോറി തടയുന്നത് കണ്ട് നാട്ടുകാരും ഓടിയെത്തി. ബാലരാമപുരം പൊലീസ് എത്തി ടിപ്പർ ലോറി കസ്റ്റഡിയിൽ എടുത്തു. വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് പോകുന്ന ടിപ്പര്‍ ലോറികളിലെ അമിത ലോഡ് നാട്ടുകാര്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. ഏറെ തിരക്കുള്ള സമയങ്ങളില്‍ പോലും നിശ്ചിത ഭാരത്തെക്കാള്‍ കൂടുതല്‍ ലോഡുമായി പോകുന്ന ടിപ്പറുകളിൽ പലതിലും ഇതിനായി വാഹനത്തിന്റെ ഉയരം അനധികൃതമായി കൂട്ടുന്നതായും ആക്ഷേപമുണ്ട്. സാധരണ വാഹനങ്ങളെ പിടികൂടി പെറ്റിയടിക്കുന്ന പൊലീസും മോട്ടോര്‍ വാഹനവകുപ്പും അമിത ലോഡുമായി പോകുന്ന വാഹനം കണ്ടില്ലെന്ന് നടിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. 

പത്ത് ടയറുള്ള ടിപ്പറിന് വാഹനത്തിന്റെ വെയിറ്റ് ഉള്‍പ്പെടെ ഇരുപത്തി എട്ടായിരം കിലോയാണ് അനുവധിച്ചിട്ടുള്ളത്.പന്ത്രണ്ട് ടയര്‍ ടിപ്പറിന് മുപ്പത്തി അയ്യായിരം കിലോയുമാണ് അനുവധിച്ചിട്ടുള്ളതെങ്കിലും അന്‍പത് ടണ്ണിലെറെ ഭാരവുമായിട്ടാണ് പാറയുമായി ഇതിലൂടെ ലോഡ് പോകുന്നതെന്നും നാട്ടുകാര്‍ പറയുന്നു. കൂറ്റൻ പാറകൾ കയറ്റി പല ലോറികളുടെയും ബോഡി തകരാറിലായി ഏതുനിമിഷവും പാറകൾ റോഡിലേക്ക് വീഴാവുന്ന അവസ്ഥയാണ്. 

അമിത ലോഡുമായി പോകുന്ന വാഹനങ്ങളുടെ ടയറുകള്‍ പഞ്ചറായി വഴിയിലാകുന്നതും നിത്യ സംഭവമാണ്. പല ലോറികളിലും നമ്പർ പ്ളേറ്റുകൾ കാണാൻ കഴിയാത്ത നിലയിലാണ് സ്ഥാപിച്ചിട്ടുള്ളത്. മിക്ക വാഹനങ്ങളിലും ലൈറ്റുകളോ ഇൻഡിക്കേറ്ററുകളോ പ്രവർത്തിക്കുന്നില്ല എന്നും ആരോപണമുണ്ട്. 

Follow Us:
Download App:
  • android
  • ios