ഒരു വര്‍ഷം മുൻപ് ഏഷ്യാനെറ്റ് ന്യൂസ് പരമ്പരക്ക് പിന്നാലെ ദേ ഇപ്പോൾ ശരിയാക്കാമെന്ന് പറഞ്ഞ് വിളക്ക് കത്തിച്ച അധികൃതര്‍ അത് തുടര്‍ന്ന് കത്തുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ പോലും നടപടി എടുത്തില്ല
തിരുവനന്തപുരം: കോവളത്തെ രാത്രിക്കാഴ്ചകള്‍ ഭീതിതമാണ്. സ്ഥല പരിചയം ഇല്ലാത്ത സഞ്ചാരികൾ ഏറെ എത്തുന്ന ബീച്ചിലും നടപ്പാതയിലുമൊന്നും തെരുവു വിളക്ക് തെളിയാറില്ല. ഒരു വര്‍ഷം മുൻപ് ഏഷ്യാനെറ്റ് ന്യൂസ് പരമ്പരക്ക് പിന്നാലെ ദേ ഇപ്പോൾ ശരിയാക്കാമെന്ന് പറഞ്ഞ് വിളക്ക് കത്തിച്ച അധികൃതര്‍ അത് തുടര്‍ന്ന് കത്തുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ പോലും നടപടി എടുത്തില്ല.
രാത്രിയാകുമ്പോള്‍ വരാന്‍ പേടിയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇത്രയും ഇരുട്ടത്ത് സ്ത്രീകളെയും കൊണ്ട് എങ്ങനെ രാത്രി വരുമെന്ന് ഇവര്‍ ചോദിക്കുന്നു. വെളിച്ചക്കുറവ് പരിഹരിക്കാൻ എല്‍ഇഡി ലൈറ്റുകളും വോളുകളും സ്ഥാപിക്കുമെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ വര്‍ഷം പറഞ്ഞത്. വര്‍ഷമൊന്ന് കഴിഞ്ഞിട്ടും കോവളത്ത് എൽഇഡി ലൈറ്റും എൽഇഡി വാളുമില്ല. തെരുവുവിളക്ക് പോലും കത്തുന്നില്ല.
കടകള്‍ക്ക് മുന്നിലെ വെളിച്ചത്തിന്‍റെ നിഴലുപറ്റിയാണ് നടത്തം. നടപ്പാതകള്‍ക്കിരുവശവും ലൈറ്റുകള്‍ അണഞ്ഞും തെളിഞ്ഞും നിൽക്കുന്നു. തുരുമ്പെടുത്ത തൂണുകളിലുണ്ട് കാലപ്പഴക്കത്തിന്‍റെ കയ്യൊപ്പുകള്‍. രാത്രിയിൽ ബീച്ചിലേക്കെത്തുന്ന ടൂറിസ്റ്റുകളെ സംബന്ധിച്ച് വെളിച്ചക്കുറവ് വലിയ സുരക്ഷാ ഭീഷണി കൂടിയാണ്. പത്ത് മണിക്ക് കടകള്‍ അടച്ച് കഴിഞ്ഞാൽ പിന്നെ അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രം ഇരുട്ടിലാണ്. അടിയന്തര പരിഹാരം വേണമെന്ന് ആവശ്യവും സര്‍ക്കാരിതുവരെ കേട്ട ഭാവമില്ല.

