കോഴിക്കോട്: കൊയിലാണ്ടി NH 17-ൽ ഗ്യാസ് ടാങ്കർ ലോറിയും മീൻ ലോറിയും തമ്മിലുണ്ടായ അപകടത്തിൽ രണ്ട്  മരണം. മലപ്പുറം തിരുനാവായ സ്വദേശി ജാഫര്‍(42), തമിഴ്‌നാട് സ്വദേശി രാജേന്ദ്രന്‍ (48) എന്നിവരാണ് മരിച്ചത്.  രണ്ടു വാഹനത്തിന്റെയും ഡ്രൈവമാരാണ് മരിച്ചത്.  പൊലീസും ഫയര്‍ഫോഴ്‌സും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് ഏറെ പാടുപെട്ടാണ് ലോറിക്കുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. 

അപകടത്തില്‍ മറ്റ് മൂന്നുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 2.40 തോടെ കൊയിലാണ്ടി ടൗണിൽ ദേശീയ പാതയിൽ ബസ് സ്റ്റാന്‍റിനടുത്താണ് അപകടം. വാഹനത്തിലുണ്ടായിരുന്ന 4 പേർക്കും ഒരു വഴിയാത്രക്കാരനും അടക്കം 5 പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.

കോഴിക്കോട് ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് മീൻ കയറ്റി പോകുകയായിരുന്ന KL 55 K 8047 കണ്ടെയ്നർ ലോറിയും മംഗലാപുരത്ത് നിന്നും എല്‍പിജി ഗ്യാസ് കയറ്റിവന്ന TN 88 - A- 8581 നമ്പർ ടാങ്കർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. മീൻ വണ്ടിയിൽ ഉണ്ടായിരുന്ന  മലപ്പുറം തിരൂരുകാരായ ബാപ്പു ഉൾപ്പെടെയുള്ളവർക്കാണ് പരുക്കേറ്റത്.