ഇടുക്കി: ഗ്രാറ്റുവിറ്റി കണ്‍ട്രോള്‍ അതോറിറ്റി അനുകൂല ഉത്തരവ് പാസാക്കിയിട്ടും നല്‍കാതിരിക്കുന്ന  തൊഴിലാളിയുടെ ഗ്രാറ്റുവിറ്റി എത്രയും വേഗം ലഭ്യമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കോഴിക്കാനം എസ്റ്റേറ്റിലെ തൊഴിലാളിക്ക് ഗ്രാറ്റുവിറ്റി നൽകാനാണ് 

തുക ലഭിക്കാന്‍  കണ്‍ട്രോളിംഗ് അതോറിറ്റിയായ കോട്ടയം ഡപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി  ഡൊമിനിക് പരാതിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അപേക്ഷ ലഭിച്ചാലുടന്‍ നിയമപരമായ നടപടി സ്വീകരിച്ച് പരാതി പരിഹരിക്കണമെന്ന് കമ്മീഷന്‍ ഉത്തരവ് നല്‍കി. 

കോഴിക്കാനം സ്വദേശിനി സരസ്വതി ഭര്‍ത്താവിന്റെ ഗ്രാറ്റുവിറ്റി ലഭിക്കാത്തതിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 2019 ജൂണ്‍ 28-നാണ് പരാതിക്കാര്‍ക്ക് അനുകൂലമായി ഉത്തരവ് കിട്ടിയത്. തുക നല്‍കാത്തതിനെ തുടര്‍ന്ന് 2020 മാര്‍ച്ച് 17-ന് ഏലപ്പാറ ബഥേല്‍ പ്ലാന്റേഷന്‍സിന് നോട്ടീസ് നല്‍കിയതായി കോട്ടയം ഡപ്യൂട്ടി ലേബര്‍ കമ്മീഷണര്‍, കമ്മീഷനെ അറിയിച്ചു. 

നോട്ടിസിന് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ മുഖാന്തിരം റവന്യു റിക്കവറി നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിക്കവറി നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി ഗ്രാറ്റുവിറ്റി  ലഭ്യമാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍ക്കും ഡപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ക്കുമാണ് ഉത്തരവ് നല്‍കിയത്.