നേരത്തെ കേസ് അന്വേഷിച്ചിരുന്ന നടക്കാവ് ഇന്‍സ്പെക്ടറുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് അന്വേഷണത്തിന് തിരിച്ചടിയായതെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു.

കോഴിക്കോട്: കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ മുഹമ്മദ് ആട്ടൂരിന്‍റെ തിരോധാന കേസ് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി കുടുംബം. മുഹമ്മദ് ആട്ടൂരിനെ കാണാതായി പത്ത് മാസമായിട്ടും പൊലീസ് അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് കുടുംബവും ആക്ഷന്‍ കമ്മിറ്റിയും ഈയാവശ്യവുമായി രംഗത്തെത്തിയത്. ബാലുശേരി എരമംഗലം സ്വദേശിയും റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനുമായിരുന്ന മുഹമ്മദ് ആട്ടൂര്‍ എന്ന മാമിയെ കഴിഞ്ഞ ഓഗസ്റ്റ് 21നാണ് കോഴിക്കോട്ട് നിന്ന് കാണാതായത്.

നടക്കാവ് പൊലീസ് കേസ് എടുത്ത് ഉടനടി അന്വേഷണം തുടങ്ങി. സുഹൃത്തുക്കളില്‍ നിന്നും ബിസിനസ്‍ പങ്കാളികളില്‍ നിന്നും മൊഴി എടുത്തു. സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. എന്നാല്‍ അന്വേഷണത്തില്‍ പുരോഗതിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തില്‍ കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്നാണ് കുടുംബത്തിന്‍റെയും ആക്ഷന്‍ കമ്മിറ്റിയുടെയും ആവശ്യം. ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുമുണ്ട്.

നേരത്തെ കേസ് അന്വേഷിച്ചിരുന്ന നടക്കാവ് ഇന്‍സ്പെക്ടറുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് അന്വേഷണത്തിന് തിരിച്ചടിയായതെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.