നടുക്കടലിൽ 'ഓംങ്കാര നാഥൻ' ബോട്ടിൽ നിന്ന് സന്ദേശമെത്തി, ഒറ്റനിമിഷം പാഴാക്കിയില്ല! പാഞ്ഞെത്തി രക്ഷിച്ചു
കൊയിലാണ്ടി ഹാര്‍ബറില്‍ നിന്ന് 21 മത്സ്യതൊഴിലാളികളാണ് ഈ ബോട്ടില്‍ പുറപ്പെട്ടിരുന്നത്
കോഴിക്കോട്: മത്സ്യബന്ധനത്തിനായി പുറപ്പെട്ട് നടുക്കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യതൊഴിലാളികളെയും ബോട്ടിനെയും മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ കരയ്‌ക്കെത്തിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചോടെ കൊയിലാണ്ടി ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട 'ഓംങ്കാരനാഥന്‍' എന്ന ബോട്ടിലെ മത്സ്യതൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. കൊയിലാണ്ടി ഹാര്‍ബറില്‍ നിന്ന് 21 മത്സ്യതൊഴിലാളികളാണ് ഈ ബോട്ടില്‍ പുറപ്പെട്ടിരുന്നത്.
ഉള്‍ക്കടലില്‍ വെച്ച് ബോട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ അപകടത്തിലാവുകയായിരുന്നു. ഉടന്‍ അധികൃതർക്ക് വിവരം കൈമാറി. ബേപ്പൂര്‍ ഫിഷറീസ് അസി. ഡയരക്ടര്‍ സുനീര്‍ വി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍സ്‌പെക്ടര്‍ ഷണ്‍മുഖന്‍ പി എന്നിവരുടെ നിര്‍ദേശ പ്രകാരം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മനു തോമസ്, റസ്‌ക്യൂ ഗാര്‍ഡ്‌സ് ആയ മിഥുന്‍ കെവി, ഹമിലേഷ് കെ എന്നിവരുള്‍പ്പെട്ട സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം