കോഴിക്കോട്:  പാര്‍ട്ടി മാറിയിട്ടും ഒരേ ഡിവിഷനില്‍ നിന്ന് തന്നെ ജയിച്ച് വീണ്ടും കൗണ്‍സിലറായി  അത്താണിക്കല്‍ 71-ാം ഡിവിഷനിലെ സ്ഥാനാര്‍ത്ഥി. കോഴിക്കോട് കോര്‍പ്പറേഷനിലെ അത്താണിക്കല്‍ 71-ാം ഡിവിഷനില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയിരുന്ന സിഎസ് സത്യഭാമയാണ് ഇത്തവണ ബി.ജെ.പി  ടിക്കറ്റില്‍ ജയിച്ചത്.

2010ലെ തദ്ദേശതെരഞ്ഞെടുപ്പിലാണ് അത്താണിക്കല്‍ ഡിവിഷനില്‍ നിന്നും സി.എസ്. സത്യഭാമ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചത്. അന്ന് 47വോട്ടിന് സി.പി.എമ്മിലെ എം. ശ്രീജയെ  പരാജയപ്പെടുത്തിയാണ് സത്യഭാമ കൗണ്‍സിലറാകുന്നത്. 2015 ആകുമ്പോഴേക്കും കോണ്‍ഗ്രസുമായി തെറ്റിപിരഞ്ഞ് സത്യഭാമ   ബി.ജെ.പിയിലെത്തുകയായിരുന്നു.

ഇത്തവണ അത്താണിക്കല്‍ ഡിവിഷനില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായ സത്യഭാമ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണായിരുന്ന സിപിഐയിലെ ആശാ ശശാങ്കനെയാണ് പരാജയപ്പെടുത്തിയത്. 1519 വോട്ടുകള്‍ നേടിയ സത്യഭാമ 135 വോട്ടുകളുടെ ഭൂരിപക്ഷവും സ്വന്തമാക്കി. മഹിളഐക്യവേദിയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ് സി.എസ്. സത്യഭാമ.