കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വില്പനയ്ക്കായി കൊണ്ടുവന്ന 37.229 ഗ്രാം എംഡിഎംഎയുമായി 18-കാരിയായ റിസാന ഫാത്തിമയും 24-കാരനായ അനന്തു പ്രസാദും പിടിയിലായി. പഠനം ഉപേക്ഷിച്ച് ലഹരി വില്പനയിലേക്ക് തിരിഞ്ഞ യുവതി, ആഡംബര ഹോട്ടലുകളിൽ താമസിച്ചാണ് ഇടപാടുകൾ നടത്തിയിരുന്നത്. 

കൊച്ചി: കോതമംഗലത്ത് 37.229 ഗ്രാമോളം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായി. കോളേജ് വിദ്യാർഥികൾക്കിടയിൽ വില്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയാണ് പീരുമേട് ഏലപ്പാറ ഹെലിബെറിയയിൽ ഒറ്റപ്ലാക്കൽ വീട്ടിൽ റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ പൂത്തോളിൽ വീട്ടിൽ അനന്തു പ്രസാദ്‌ (24) എന്നിവരിൽ നിന്നും പിടികൂടിയത്.

നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കോതമംഗലം ടൗൺ കേന്ദ്രീകരിച്ച് കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എംപിയും സംഘവും നടത്തിയ നടത്തിയ പരിശോധനയാലാണ് ഇരുവരും പിടിയിലായത്. പ്രതികൾ മയക്ക് മരുന്ന് ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈൽ ഫോണുകളും കസ്റ്റഡിയിൽ എടുത്തു. ഇടുക്കി സ്വദേശിയായ യുവതി കോതമംഗലത്തെ സ്വകാര്യ പ്രൊഫഷണൽ കോളേജിൽ പഠനത്തിനായി വന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ പഠനം ഉപേക്ഷിച്ച് മയക്ക് മരുന്ന് വില്പനയിലേക്ക് തിരിയുകയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു.

ദിവസേന 3000 രൂപയോളം വാടക ഉള്ള ഹോട്ടൽ റൂമുകളിൽ ആഡംബര ജീവിതം നയിച്ചായിരുന്നു പ്രതികളുടെ ലഹരി ഇടപാടുകൾ. കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻ്റ് ചെയ്തു.

എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എംപി നേതൃത്വം നൽകിയ പരിശോധനയിൽ അസി.എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) സിദ്ധീക്ക് എഇ, പ്രിവൻ്റീവ് ഓഫീസർ ഷെമീർ വിഎ, പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ റസാക്ക് കെഎ, സുനിൽ പിഎസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഉബൈസ് പിഎം, അഖിലേഷ് വേലായുധൻ വനിതാ സിവിൽ എക്സൈസ് ഓഫീസർ റെൻസി കെഎ എന്നിവരും പങ്കെടുത്തു.