പൂർത്തീകരിച്ച റോഡ് വർക്കുകളുടെ ബില്ല് പാസ്സാക്കുന്നതിനായി കോൺട്രാക്ടറിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓവർസീയർ നവീൻ രവിയെ വിജിലൻസ് സംഘം പിടികൂടി. കരാറുകാരൻ നൽകിയ പരാതിയെ തുടർന്ന് വിജിലൻസ് ഒരുക്കിയ കെണിയിലാണ് ഇയാൾ കുടുങ്ങിയത്.

കോഴിക്കോട്: പൂർത്തീകരിച്ച റോഡ് വർക്കുകളുടെ ബില്ല് പാസ്സാക്കുന്നതിനായി പി.ഡബ്ല്യു.ഡി കോൺട്രാക്ടറിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസീയർ പിടിയിൽ. കോഴിക്കോട് ഓടമ്പ്ര സ്വദേശിയും, ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവർസീയറുമായ നവീൻ രവി (-47) യെ ആണ് വിജിലൻസ് സംഘം ഇന്ന് കൈയ്യോടെ പിടികൂടിയത്. പി.ഡബ്ല്യു.ഡി കോൺട്രാക്ട് വർക്കുകൾ ഏറ്റെടുത്ത് ചെയ്യുന്ന കരാറുകാരന്‍റെ പരാതിയിലാണ് നടപടി. പരാതി നൽകിയ കോൺട്രാക്ടർ കോഴിക്കോട് ജില്ലയിലെ പല പഞ്ചായത്തുകളിലും റോഡ് വർക്കുകളുടെ കരാറുകൾ ഏറ്റെടുത്തിരുന്നു. പണി പൂർത്തിയാക്കി ബില്ല് മാറാനെത്തിയപ്പോഴാണ് ഓവർസീയർ കൈക്കൂലി ചോദിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കിഴക്കോത്ത്, താമരശ്ശേരി പഞ്ചായത്തുകളിൽ കരാർ ഏറ്റെടുത്ത് പൂർത്തീകരിച്ച രണ്ട് റോഡ് വർക്കുകളുടെ ബില്ലുകൾ അസിസ്റ്റന്റ് എഞ്ചിനീയർ മെഷർമെന്റ് പൂർത്തിയാക്കി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അപ്രൂവ് ചെയ്ത ശേഷം ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് പ്രൈസ് സോഫ്റ്റ്‌വെയർ വഴിയും നേരിട്ടും അയച്ചിരുന്നു. രണ്ടു ബില്ലുകളും ഒന്നരമാസമായി ജില്ലാ പഞ്ചായത്ത് ഓഫീസിൽ ഓവർസിയർ നവീൻ രവിയുടെ സീറ്റിൽ പെന്റിംഗ് ആയി കിടന്നു. തുടർന്ന് പരാതിക്കാരൻ ഒരു സുഹൃത്തുമായി ജില്ലാ പഞ്ചായത്ത് ഓഫീസിൽ എത്തി ഓവർസിയർ നവീൻ രവിയെ നേരിൽ കണ്ട് വിവരം തിരക്കി. ഈ സമയം നവീൻ രവി ബില്ല് പെട്ടെന്ന് ശരിയാക്കി നൽകാമെന്ന് പരാതിക്കാരനോട് പറയുകയും 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ കൈക്കൂലി നല്കി കാര്യം സാധിക്കാൻ താൽപര്യമില്ലാത്ത പരാതിക്കാരൻ ഈ വിവരം കോഴിക്കോട് വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. പിന്നീട് വിജിലൻസ് സംഘം കെണിയൊരുക്കി ഓവർസിയറെ നിരീക്ഷിച്ച് വരികയായിരുന്നു. ഉച്ചയ്ക്ക് 12.30 മണിക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവർസീയറായ നവീൻ രവിയെ പരാതിക്കാരനിൽ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങവെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിൽ വച്ച് വിജിലൻസ് സംഘം കൈയ്യോടെ പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.