Asianet News MalayalamAsianet News Malayalam

കോഴിക്കോട് കടന്നൽ കുത്തേറ്റ് എക്സൈസ് ഡ്രൈവർ മരിച്ചു

മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു മരണം. 

Kozhikode Excise driver died in wasp attack
Author
Kozhikode, First Published Oct 14, 2021, 12:51 PM IST

കോഴിക്കോട്: കോഴിക്കോട് (Kozhikode) കടന്നൽ (Wasp) കുത്തേറ്റ് എക്സൈസ് ഡ്രൈവർ മരിച്ചു. ജോയിന്റ് എക്സൈസ് കമ്മീഷണർ ഓഫീസിലെ ഡ്രൈവർ  പാറക്കണ്ടിയിൽ സുധീഷ്  ആണ് മരിച്ചത്. കോഴിക്കോട്  ചാത്തമംഗലം നെച്ചൂളിയിൽ  പറമ്പിലെ ജോലിക്കിടയിൽ കടന്നൽ കുത്തേൽക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ (Medical College) ചികിൽസയിലിരിക്കെയാണ് മരണം. 

വീട്ടുവളപ്പിൽ ജോലി ചെയ്തിരുന്ന രാമചന്ദ്രൻ എന്നയാൾക്കും കുത്തേറ്റിരുന്നു. പ്ലാവിന് മുകളിലുണ്ടായിരുന്ന കടന്നൽ കൂടിനെ പരുന്ത് ആക്രമിച്ചതോടെ കടന്നലുകൾ ഇളകുകയായിരുന്നു. പിന്നാലെ രാമചന്ദ്രനെ രക്ഷിക്കാനെത്തിയ സുധീഷിനെ കടന്നൽ കൂട്ടമായി ആക്രമിച്ചു. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു മരണം. 

കടന്നലിന്റെ കുത്തേറ്റാൽ മരണം സംഭവിക്കുമോ? അറിഞ്ഞിരിക്കേണ്ട ചിലത്...!

കടന്നലിന്റെ കുത്തേറ്റാൽ മരണം സംഭവിക്കുമോയെന്ന സംശയം ഇന്നും പലരും ചോദിച്ചുകേൾക്കാറുണ്ട്. കുട്ടികളടക്കം നിരവധി പേർ ഇതിനോടകം തന്നെ കടന്നലിന്റെ ആക്രമണത്തെ തുടർന്ന് മരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം അശ്രദ്ധമായി വിട്ടുകളയുന്നവരാണ് ഇത്തരം സംശയങ്ങൾ ഇപ്പോഴും പങ്കുവയ്ക്കുന്നത്. 

കടന്നലിന്റെ കുത്തേറ്റാൽ മരണം സംഭവിക്കണമെന്ന് നിർബന്ധമില്ല. എന്നാൽ മരണസാധ്യത ഉണ്ടെന്ന് തന്നെയാണ് ഡോക്ടർമാർ പറയുന്നത്. അതിനാൽ തന്നെ കടന്നലിന്റെ കുത്തേറ്റാൽ ഫലപ്രദമായ ചികിത്സ തേടേണ്ടത് അനിവാര്യവുമാണ്. ചിലർ വീട്ടിലെ പൊടിക്കൈകൾ തന്നെ ഇതിന് പരിഹാരമായി അവലംബിക്കും. ഇതും അപകടത്തിലേക്ക് വഴിവച്ചേക്കാം. 

കടന്നലിന്റെ കുത്ത് മരണത്തിലെത്തിക്കുന്നത്...

തേനീച്ച, കടന്നൽ, ചിലയിനം ഉറുമ്പുകൾ, എട്ടുകാലികൾ ഇവയെല്ലാം തന്നെ മനുഷ്യന്റെ ജീവന് അപകടമാകുന്ന വിധം വിഷം കടത്തിവിടാറുണ്ട്. ഇതിൽ തന്നെ മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതൽ വെല്ലുവിളി ഉയർത്തുന്നത് കടന്നലാണ്. 

പല തരത്തിലുള്ള, പല തീവ്രതയിലുള്ള വിഷം കടന്നലുകളിൽ കാണാം. രണ്ടിൽ കൂടുതൽ കുത്തുകളേൽക്കുന്നതാണ് പ്രധാനമായും അപകടമാവുക. അത്രയും വിഷം ശരീരത്തിലേക്ക് കയറുകയാണ് ചെയ്യുന്നത്. 

ചിലരുടെ ശരീരത്തിന് ഇങ്ങനെയുള്ള ഷഡ്പദങ്ങളിൽ കാണപ്പെടുന്ന വിഷത്തോട് കടുത്ത അലർജിയുണ്ടാകാം. ഈ അലർജിയെ തുടർന്നോ, അല്ലെങ്കിൽ കടിച്ച ഭാഗങ്ങളിലുണ്ടാകുന്ന അണുബാധയെ തുടർന്നോ, വിഷബാധയെ തുടർന്ന് ബിപി (രക്തസമ്മർദ്ദം) താഴ്‌ന്നോ, രക്തക്കുഴലുകൾ വികസിച്ചോ, വിഷം തലച്ചോറിനെ ബാധിച്ചോ, വൃക്കകളെ ബാധിച്ചോ എല്ലാം മരണം സംഭവിക്കാം. 

കടന്നൽ കുത്ത് അപകടമായെന്ന് മനസിലാക്കാനുള്ള ലക്ഷണങ്ങൾ...

കടന്നൽ കുത്തേറ്റാലും ചിലർ അത് അവഗണിച്ചുകളയാറുണ്ട്. ഇത്തരക്കാരിൽ പിന്നീടായിരിക്കും അതിന്റെ അപകടം കാണപ്പെടുന്നത്. ചില ലക്ഷണങ്ങൾ ഇതിനോട് ചേർത്ത് അറിഞ്ഞുവയ്ക്കാം. 

സാധാരണഗതിയിൽ കുത്തേൽക്കുന്നയിടത്ത് ചുവന്ന നിറം, തടിപ്പ്, വേദന, ചൊറിച്ചിൽ എന്നിങ്ങനെയെല്ലാം ഉണ്ടാകാം. കുത്ത് ശരീരത്തിന്റെ അകംഭാഗങ്ങളിലാണെങ്കിൽ, ഉദാഹരണത്തിന് കണ്ണ്, വായയുടെ അകംഭാഗം, നാക്ക്, ചുണ്ടിനുള്ളിൽ, മൂക്കിന്റെ അകം ഭാഗം തുടങ്ങിയ സ്ഥലങ്ങളിലാണെങ്കിൽ അണുബാധയ്ക്കുള്ള സാധ്യത ഇരട്ടിയാണ്. ഇക്കാര്യം ആദ്യമേ ശ്രദ്ധിക്കുക. 

കടന്നൽ കുത്തേറ്റ് വൈകാതെ തന്നെ തലകറക്കം, ഛർദ്ദി, മുഖം ചീർക്കുക, ദേഹമാകെ ചൊറഫിച്ചിൽ അനുഭവപ്പെടുക, ശ്വാസതടസം, ബിപി താഴ്ന്ന് തളർന്നുവീഴുക എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ സാരമായ വിഷബാധയെ സൂചിപ്പിക്കുന്നതാണ്. എത്രയും പെട്ടെന്ന് രോഗിക്ക് വൈദ്യസഹായമെത്തിച്ചില്ലെങ്കിൽ ജീവൻ തന്നെ നഷ്ടപ്പെടാനുള്ള സാധ്യതയെയാണ് ഇത് സൂചിപ്പിക്കുന്നത്. 

കുത്തേറ്റ് ദിവസങ്ങൾക്കുള്ളിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാം. തലവേദന, ക്ഷീണം, തളർച്ച, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ ഈ ഘട്ടത്തിൽ കാണാം. ഇതും ഉടനെ വൈദ്യസഹായമെത്തിക്കേണ്ട ഘട്ടമാണ്. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, ബിപി പ്രശ്‌നമുള്ളവർ, ഹൃദ്രോഗികൾ എന്നീ വിഭാഗത്തിൽ പെടുന്നവർ കടന്നൽ കുത്തേറ്റാൽ വൈകാതെ തന്നെ ആശുപത്രിയിലെത്തി ഫലപ്രദമായ ചികിത്സ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത്തരം ആളുകളിലെല്ലാം കടന്നൽ വിഷം കൂടുതൽ അപകടസാധ്യത ഉയർത്തുന്നു എന്നതിനാലാണിത്.

Follow Us:
Download App:
  • android
  • ios