Asianet News MalayalamAsianet News Malayalam

Gold robbery | കോഴിക്കോട്ടെ സ്വർണ്ണ കവർച്ച: കുപ്രസിദ്ധ ക്വട്ടേഷൻ നേതാവ് അറസ്റ്റിൽ

വെസ്റ്റ് ബംഗാൾ സ്വദേശിയിൽ നിന്നും സെപ്തംബർ 20-ന് രാത്രി സ്വർണ്ണം കവർന്ന ശേഷം വിവിധ സംസ്ഥാന ങ്ങളിൽ ഒളിവിൽ കഴിഞ്ഞ ക്വട്ടേഷൻ സംഘത്തലവനെ  കസബ പൊലീസ് ഇസ്പെക്ടർഎൻ പ്രജീഷിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും കസബ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. 

Kozhikode gold robbery Notorious quotation leader arrested
Author
Kozhikode, First Published Nov 25, 2021, 11:53 PM IST

കോഴിക്കോട്: വെസ്റ്റ് ബംഗാൾ സ്വദേശിയിൽ നിന്നും സെപ്തംബർ 20-ന് രാത്രി സ്വർണ്ണം കവർന്ന (Gold robbery) ശേഷം വിവിധ സംസ്ഥാന ങ്ങളിൽ ഒളിവിൽ കഴിഞ്ഞ ക്വട്ടേഷൻ സംഘത്തലവനെ  കസബ പൊലീസ് ഇസ്പെക്ടർഎൻ പ്രജീഷിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും കസബ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തൽ കേസുകൾ ഉൾപ്പെടെ നിരവധി കവർച്ചാ കേസുകളിൽ പ്രതിയായ കോട്ടൂളി പൈപ്പ് ലൈൻ റോഡിലെ അമ്മാള നിലത്ത് വീട്ടിൽ എൻ പി ഷിബി(40) ആണ് അറസ്റ്റിലായത്.

പശ്ചിമ ബംഗാളിലെ വർധമാൻ സ്വദേശിയായ റംസാൻ അലി കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി കോഴിക്കോട് താമസിച്ച് സ്വർണ്ണാഭരണ നിർമ്മാണ പ്രവൃത്തി ചെയ്തു വരികയായിരുന്നു. ലിങ്ക് റോഡിലുള്ള തൻ്റെ സ്വർണ്ണ ഉരുക്ക് ശാലയിൽ നിന്നും മാങ്കാവിലേക്ക് ബൈക്കിൽ  1.200 കിലോഗ്രാം സ്വർണ്ണം ബൈക്കിൽ കൊണ്ടു പോകുമ്പോൾ ബൈക്കിലെത്തിയ എട്ടു പേർ ചേർന്ന് കോഴിക്കോട് തളി കണ്ടംകുളം ജൂബിലി ഹാളിനു സമീപം വെച്ച് അക്രമിച്ച് കവർന്നെടുക്കുകയായിരുന്നു.

 കോഴിക്കോട് സിറ്റിയിൽ ഇത്തരം ഒരു സംഘം വളർന്നു വരുന്ന സാഹചര്യത്തിൽ ജില്ല പോലീസ് മേധാവി ഡിഐജി എ.വി ജോർജ്ജിൻ്റെ നിർദ്ദേശാനുസരണം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സ്വപ്നിൽ എം. മഹാജൻ്റെ മേൽനോട്ടത്തിൽ ടൗൺ അസിസ്റ്റൻ്റ് കമ്മീഷണർ ബിജുരാജിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം കേസന്വേഷണം നടത്തി വരികയായിരുന്നു. യാതൊരു വിധ തെളിവുകളും അവശേഷിപ്പിക്കാതെ വളരെ തന്ത്രപരമായിട്ടായിരുന്നു കവർച്ച നടത്തിയിരുന്നത്.

ഇത്തരം കവർച്ച കേസുകളിൽ ഉൾപ്പെട്ടവരുടെ രഹസ്യമൊഴികൾ രേഖപ്പെടുത്തിയ പൊലീസ് തൊണ്ടയാട് കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘത്തിലെ കുറച്ച് പേർ ഒളിവിലാണെന്ന് അറിയാൻ കഴിഞ്ഞു. പിന്നീട് ഉള്ള രഹസ്യമായ അന്വേഷണം ഇവരെ കേന്ദ്രീകരിച്ചാ യിരുന്നെങ്കിലും ഇവർ ആരും തന്നെ ഫോൺ ഉപയോഗിക്കാത്തത് അന്വേഷണ സംഘത്തെ കുഴക്കി. പിന്നീട് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ക്വട്ടേഷൻ സംഘത്തിന് കവർച്ചയ്ക്കായി സിം കാർഡുകൾ എടുത്ത് നൽകിയ കക്കോടി മുട്ടോളി സ്വദേശി ലത്തീഷിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയതപ്പോഴാണ് കവർച്ചയുടെ ചുരുളഴിഞ്ഞത്.

ഇതരസംസ്ഥാനങ്ങളിലേക്ക് പ്രതികൾ കടന്നിട്ടുണ്ടെന്ന സൂചന ലഭിച്ച പോലീസ് സംഘങ്ങളായി തിരിഞ്ഞ് ഗോവ, കർണ്ണാടക, തമിഴ്നാട്, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിൽ രഹസ്യ അന്വേഷണം നടത്തി കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ സ്വപ്നിൽ എം. മഹാജന് ക്രൈം സ്ക്വാഡ് വിവരങ്ങൾ കൈമാറിക്കൊണ്ടിരുന്നു. കർണ്ണാടകയിൽ കേരള പോലീസ് എത്തിയ വിവരം മനസിലാക്കിയ ക്വട്ടേഷൻ സംഘം കേരളത്തിലേക്ക് വെള്ള സ്വിഫ്റ്റ് കാറിൽ കടന്നതായ രഹസ്യവിവരം ലഭിച്ച പൊലീസ് കോഴിക്കോട് സിറ്റി പൊലീസ് പരിധിയിൽ ടൗൺ എ.സി.പി യുടെ നേതൃത്വത്തിൽ വാഹന പരിശോധന ശക്തമാക്കിയപ്പോൾ പോലീസിനെ കണ്ട് വാഹനത്തിൽ നിന്നും ഇറങ്ങിയോടാൻ ശ്രമിച്ച പയ്യാനക്കൽ തെക്കഞ്ചീരി വീട്ടിൽകമ്പി വാവ എന്ന ജിനിത്ത്, കൊമ്മേരി മുക്കുണ്ണി ത്താഴം വീട്ടിൽ ജമാൽ ഫാരിഷ്,പന്നിയങ്കര  കീലക്കാട്ട് നിലം പറമ്പിൽ ഷംസുദ്ദീൻ,കാസർഗോഡ് കുന്താർ പോക്കറടുക്ക വീട്ടിൽ മുഹമ്മദ് നൗഷാദ് എന്നിവരെ പിടികൂടിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ പയ്യാനക്കൽ ചാമുണ്ടിവളപ്പിൽ സ്വദേശി ജംഷീർ കഴിഞ്ഞ ദിവസം കസബ ഇൻസ്പെക്ടർക്ക് മുന്നിൽ ഹാജരായിരുന്നു.

ഇവരെ വിശദമായി ചോദ്യം ചെയ്തത്തിൽ നിന്നും ഇവർക്ക് ക്വട്ടേഷൻ നൽകിയ നേതാവ് ഷിബി ആണെന്ന മൊഴി പൊലീസ് രേഖപ്പെടുത്തി അന്വേഷിച്ചതിലൂടെ കോഴിക്കോട് എയർപോർട്ടിൽ ഗോൾഡ് പൊട്ടിക്കാൻ ഷിബി പോകാൻ സാധ്യത ഉണ്ടെന്ന് വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഈ പ്രദേശങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.

2014 തൃശ്ശൂർ ഒല്ലൂർ സ്റ്റേഷൻ പരിധിയിലും 2019 മാനന്തവാടി പൊലീസ് സ്റ്റേഷൻ പരിധിയിലും 2021 ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലും കവർച്ച നടത്തിയ കേസിലും 2O19 കുന്ദമംഗലം പൊലീസ് സ്റ്റേഷനിൽ ആംസ് ആക്ട് കേസിലും 2016ൽ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ തട്ടുക്കട തല്ലി പൊളിച്ച കേസിലെയും മുഖ്യപ്രതിയാണ് ഷിബി.

വളരെ ആസൂത്രിതമായാണ് പ്രതികൾ കവർച്ച നടത്തിയതെന്നും സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽപ്പെടാതിരിക്കാൻ കവർച്ച നടത്തുന്നതിൻ്റെ ദിവസങ്ങൾക്ക് മുമ്പു തന്നെ ഈ പ്രദേശങ്ങളിൽ റിഹേഴ്സൽ നടത്തിയിരുന്നതായും അങ്ങനെയാണ് ആളൊഴിഞ്ഞ ജൂബിലി ഹാൾ പരിസരം കവർച്ചക്കായി തെരഞ്ഞെടുത്തതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചതായി ടൗൺ എ.സി.പി ബിജുരാജ് പറഞ്ഞു.

കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എടയേടത്ത് മനോജ്, കെ.അബ്ദുൾ റഹിമാൻ, കെ.പി മഹീഷ്,എം. ഷാലു, പി.പി മഹേഷ്, സി.കെ. സുജിത്ത്,ഷാഫി പറമ്പത്ത്,എ പ്രശാന്ത് കുമാർ,ശ്രീജിത്ത് പടിയാത്ത്, കസബ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ അനീഷ്,അഭിഷേക്, ഡ്രൈവർ സിപിഒ  ടി.കെ. വിഷ്ണുപ്രഭ എന്നിവർ ചേർന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Follow Us:
Download App:
  • android
  • ios