Asianet News MalayalamAsianet News Malayalam

ഭാര്യയുടെ ഗർഭപാത്രം നീക്കുന്ന ശസ്ത്രക്രിയയ്ക്ക് കൈക്കൂലി ചോദിച്ച ഡോക്ടറെ തെറിപ്പിച്ച് ഒരു സാധാരണക്കാരന്‍.!

ഗൈനക്കോളജി വിഭാഗം മൂന്ന് ചീഫ് ഡോ. ശരവണകുമാറിനെയാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്റ്റർ സസ്പെന്‍റ് ചെയ്തത്. യുവതിയുടെ ഗർഭപാത്രം നീക്കുന്ന ശസ്ത്രക്രിയ നടത്തിയ ശേഷം ഭർത്താവിനെ വിളിച്ചു വരുത്തി കൈക്കൂലി വാങ്ങിയെന്നായിരുന്നു പരാതി. 

kozhikode medical college doctor suspended after bribing
Author
Kozhikode, First Published Sep 22, 2021, 7:32 PM IST

കോഴിക്കോട്:  ശസ്ത്രക്രിയ്ക്ക്  കൈക്കൂലി വാങ്ങിയ കോഴിക്കോട് മെഡിക്കൽ കോളേജ് (Government Medical College Kozhikode) മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഡോക്ടര്‍ക്ക് സസ്പെൻഷൻ. ഗൈനക്കോളജി വിഭാഗം മൂന്ന് ചീഫ് ഡോ. ശരവണകുമാറിനെയാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്റ്റർ സസ്പെന്‍റ് ചെയ്തത്. യുവതിയുടെ ഗർഭപാത്രം നീക്കുന്ന ശസ്ത്രക്രിയ നടത്തിയ ശേഷം ഭർത്താവിനെ വിളിച്ചു വരുത്തി കൈക്കൂലി വാങ്ങിയെന്നായിരുന്നു പരാതി. മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. സി. ശ്രീകുമാറിന് ലഭിച്ച പരാതി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വി.ആർ. രാജേന്ദ്രന് കൈമാറി. 

അദ്ദേഹം നിയോഗിച്ച മൂന്നംഗ ഡോക്ടര്‍മാരുടെ സമിതി അന്വേഷണം നടത്തി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്റ്റർക്ക് റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് നടപടി. ഇതിടെ നടപടി ഉണ്ടാകുമെന്നറിഞ്ഞ ഡോ. ശരവണൻ യുവതിയുടെ ഭർത്താവിനെ വിളിച്ച് പരാതി പിൻവലിക്കണമെന്ന് കേണപേക്ഷിക്കുന്ന ശബ്ദ സന്ദേശം സമൂഹ്യ മാധ്യമങ്ങളിൽ പരന്നിരുന്നു. യുവതിയുടെ ഭർത്താവ് പരാതിയിൽ ഉറച്ച് നിന്നതോടെ ഡോക്ടര്‍ക്ക് നടപടിലഭിക്കുകയായിരുന്നു.

കൈക്കൂലി വാങ്ങിയതിന് സസ്പെൻഷനിലായ ഡോക്ടര്‍ ശരവണൻ പരാതി നൽകിയ യുവതിയുടെ ഭർത്താവിനെ വിളിച്ച ഫോൺ സംഭാഷണം. ഏഴുമിനുറ്റിൽ കൂടുതലുണ്ട് സംഭാഷണം

കൈക്കൂലി വാങ്ങിയ ഡോക്ടര്‍: പിന്നെ സുപ്രണ്ടിന് പരാതി കൊടുത്തനറിഞ്ഞു. ഒന്ന് പിൻവലിക്കണം. എൻ്റെ ജീവിതത്തിൻ്റെ പ്രശ്നമാണ്. നിങ്ങളുടെ ഭാര്യയ്ക്ക് വേണ്ടി ഇ ത്രെയും ഞാൻ കഷ്ടപ്പെട്ടില്ലേ. പിന്നേയും ബ്ലീഡിങ്ങൊക്കെ ഉണ്ടായിരുന്നു. അതൊക്കെ ശരിയാക്കി. എന്ത് കഷ്ടപ്പെട്ടിട്ടാണ് ഞാൻ സർജ്ജറി ചെയ്ത് തന്നത്.

യുവതിയുടെ ഭർത്താവ്: സാറേ സാറിന് ഞാൻ ജീവിതത്തിൽ ആദ്യമായാണ് അന്ന് വാർഡിനുള്ളിൽ നിന്നും പൈസ വാങ്ങുമ്പോഴാണ് കാണുന്നത്. അല്ലാതെ നമ്മൾ തീരെ കണ്ടിട്ട് പോലുമില്ല. എനിക്കറിയില്ല ആരാണെന്ന് പോലും.

ഡോക്ടര്‍:  ഞാൻ അറിയാതെ ചെയ്ത് പോയതാണ്. ഞാൻ നിങ്ങളുടെ കാലിൽ തൊട്ട് മാപ്പ് അപേക്ഷിക്കുകയാണ്.

യുവതിയുടെ ഭർത്താവ്: സാറെന്‍റെ കാല് പിടിക്കാനല്ല. ഞാനൊരു കൂലി പണികാരനാണ്. ഇപ്പോഴത്തെ സ്ഥിതിയിൽ പറയുമ്പോള്‍ സാർ എന്‍റെ കാൽ തൊടാൻ പോലും യോഗ്യനല്ല.

ഡോക്ടര്‍: എന്‍റെ അറിവുകേട് കൊണ്ട് പറ്റിയതാണ്. എന്നോടൊന്ന് ക്ഷമിച്ചിട്ട് പരാതിയൊന്ന് പിൻവലിക്കണം. അല്ലെങ്കിൽ എന്‍റെ ജീവിത പ്രശ്നമാണ്.

യുവതിയുടെ ഭർത്താവ്: മെഡിക്കൽ കോളേജിൽ ഒരു സ്റ്റാഫ് , അല്ലെങ്കിൽ ഒരു പെൺകുട്ടി അല്ലെങ്കിൽ ആൺകുട്ടി സീറ്റ് കിട്ടിലക്ഷങ്ങൾ ചെലവഴിച്ചാണ് ഗവൺമെന്‍റ് ചെലവഴിച്ച് ഡോക്റ്ററായി വന്നിട്ട് ഇതിനുള്ളിൽ ഒരു പ്രൊഫസർ വരെ എത്തിപ്പെടാൻ എത്രത്തോളം കഷ്ടപ്പെടുന്നുണ്ട്. സാർ കേണപേക്ഷിക്കാൻ...'

ഡോക്ടര്‍: ഞാൻ എത്ര എമൗണ്ട് വേണമെന്ന് പറഞ്ഞില്ലല്ലോ , ഉടനെ എടുത്ത് തരുകയല്ലേ...

യുവതിയുടെ ഭർത്താവ്: ഞാനെന്‍റെ കീശയിൽ പണം പൊക്കുമ്പോൾ തന്നെ, സാറിപ്പോൾ എന്ത് ക്ഷമയിലാണ് സംസാരിക്കുന്നത്. അപ്പോഴത്തെ ഗാംഭീരവും സാറിന്‍റെ മുഖവും .. ഞാനീ അടുത്ത പ്രദേശത്ത് കാരനാണ്. ഇത്രെയും നല്ല നിലയിൽ കൊണ്ടു പോകുന്ന സ്ഥാപനത്തിൽ സാറിനെ പോലുള്ളവർ.

ഡോക്ടര്‍: അനുജനെ പോലെ കണ്ട് കണക്കാക്കി അതൊന്ന് പിൻവലിക്കണം. ദയവ് ചെയ്ത് ചെയ്യണം. എന്നെ കുഴപ്പത്തിലാക്കരുത്. പ്ലീസ്. ഞാൻ നിങ്ങളുടെ ഭാര്യയ്ക്ക് വേണ്ടി ഇത്രെയും ചെയ്തില്ലേ. ഒരു വല്യ സർജ്ജറിയല്ലേ ഞാൻ ചെയ്ത് തന്നത്.
യുവതിയുടെ ഭർത്താവ്: സംഭവം എനിക്കറിയില്ല. സാറാണ് ചെയ്തതെന്ന് എനിക്കറിയില്ല. ഞാൻ നളിനി ഡോക്റ്ററെയാണ് കാണിച്ചത്. എന്‍റെ ഭാര്യയുടെ രണ്ട് പ്രസവവും ആ ഡോക്റ്ററെയാണ് കാണിച്ചത്.
ഡോക്ടര്‍: വേറെ ആരും ആ കേസ് ചെയ്യത്തില്ല.

യുവതിയുടെ ഭർത്താവ്: ഞാൻ ഡോക്ടര്‍മാരെയും പ്രൊഫസർമാരെയും അത്രെയും ബഹുമാനിക്കുന്ന ആളാ. 

ഡോക്ടര്‍: ഒന്ന് ക്ഷമിക്കൂ, ഒരു അനിയനെ പോലെ കണ്ട് ആ പരാതി ഒന്ന് പിൻ വലിക്കൂ, എനിയ്ക്ക് പരാതിയില്ല, ഞാൻ ക്ഷമിച്ചിരിക്കുന്നു എന്ന് പറഞ്ഞാൽ മതി.

യുവതിയുടെ ഭർത്താവ്: എന്തായാലും സാർ ഫോൺ കട്ട് ചെയ്യൂ. ഞാനെന്തായാലും ഒരിക്കലുമിത് ക്ഷമിക്കില്ല. സാർ ശിക്ഷയ്ക്ക് അർഹനാണ്. എന്ത് കൊണ്ട് ആണെന്ന് വെച്ചാൽ പലരും എന്നോട് പറഞ്ഞത് 
സാർ അയ്യായിരം രൂപ വരെ വാങ്ങുന്നുണ്ടെന്നാണ് പറഞ്ഞത്.
ഡോക്ടര്‍:  അയ്യായിരം രൂപ ഇത് വരെ ഞാൻ വാങ്ങിച്ചിട്ടില്ല. ആരും എനിയ്ക്ക് തന്നിട്ടുമില്ല.
യുവതിയുടെ ഭർത്താവ്: മെഡിക്കൽ കോളേജ് ആയത് കൊണ്ട് പലരും പലയിടങ്ങളിൽ നിന്നും വരുന്നവരാണ്. അത് സാറിനൊരു വളമായി മാറുകയാണ്. ഇതിങ്ങനെ വാങ്ങി വാങ്ങി മെഡിക്കൽ കോളേജിൻ്റെ ഉള്ളിൽ വാതിൽ തുറന്നിട്ട് വാങ്ങാനുള്ള ധൈര്യം വരെയായി. സാറിന് ഈ ജോലിയിൽ ഒരു പൈസപ്പോലും ഞാൻ വേറെയൊന്നും ആവശ്യപ്പെടുന്നില്ല ഒരു പൈസപ്പോലും കൈക്കൂലി ലഭിക്കാത്ത തരത്തിൽ സാറിനെ തരം താഴ്ത്തണം. അല്ലെങ്കിൽ ഇനി ഒരാളോടും പണം വാങ്ങാൻ പറ്റരുത്. ആ രൂപത്തിൽ പോകാനാണ് ഞാൻ ആവശ്യപ്പെടുന്നത്.
ഡോക്ടര്‍: ഒന്ന് ക്ഷമിക്കൂ, താങ്കളുടെ ഭാര്യയ്ക്ക് വേണ്ടി, ഒന്ന് ക്ഷമിക്കൂ. എൻ്റെ മക്കളുടെയും ഭാര്യയുടെയും ജീവിതമാണ് തകരുന്നത്.
യുവതിയുടെ ഭർത്താവ്: എന്‍റെ ഭാര്യയെ എന്തായാലും സാറിന്‍റെ അടുത്ത് നിന്നും മാറ്റാൻ പറയും.
ഡോക്ടര്‍: പ്ലീസ് പൊറുക്കണം, ഞാൻ വളരെ സങ്കടത്തോടെ പറയുകയാണ്. ഇത്രെയും താഴ്ന്ന് പറയുകയാണ്. ആ പരാതി ഒന്ന് പിൻവലിക്കൂ. പിന്നെ മുകളിലോട്ട് മുകളിലോട്ട് അങ്ങ് പോകും.
യുവതിയുടെ ഭർത്താവ്: അപ്പം ശരി ഞാൻ പിന്നെ വിളിക്കാം.
ഡോക്ടര്‍: സർ, ഒന്ന് കൺസിഡർ ചെയ്യണം. പ്ലീസ്. ഞാനത്രെയും പ്രയാസപ്പെട്ടാണ് ആ സർജറി ചെയ്തത്. വേറെ ആരും അത് ചെയ്യത്തില്ല.....
യുവതിയുടെ ഭർത്താവ്: സാറിന്‍റെ സേവനം ഇനി വേണ്ട....ഒരു പ്രൊഫസർ മെഡിക്കൽ കോളേജിലെ, രണ്ട് ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഒരു പ്രൊഫസർ ഇത്രത്തോളം തരം താഴാൻ പാടില്ല. ഒരിക്കലും തരം താഴാൻ പാടില്ല.
ഡോക്ടര്‍ : പരാതി ഒന്ന് പിൻവലിച്ചാൽ എന്‍റെ ജീവിതം ഒന്ന് രക്ഷപ്പെടും.
യുവതിയുടെ ഭർത്താവ്: ജീവിതം നിങ്ങളുടേത് രക്ഷപ്പെട്ടിലേലും പ്രശ്നമില്ല. കാരണം നിങ്ങൾ മനസ്സിലാക്കണം. ഇത്രെയും കാലമായിട്ട് ഞാനൊക്കെ പണിയ്ക്ക് പോയിട്ട് ഒരു മാസത്തോളമായി. ഒരു രൂപ പോലും വരുമാനമില്ലാതെ ഒരു മാസമായി ഞാനിരിക്കുന്നു.
ഡോക്ടര്‍: സാർ പറയുന്നതെല്ലാം മനസ്സിലായി. എന്‍റെ ഒരു ജേഷ്ഠനെ പോലെ കണ്ട് പരാതി പിൻവലിക്കണം.
യുവതിയുടെ ഭർത്താവ്: പറഞ്ഞിട്ട് കാര്യമില്ല. ഒരു കാരണവശാലും പരാതി പിൻവലിക്കില്ല. കൊടുത്ത പരാതിയിൽ തന്നെ മുന്നോട്ട് പോകും. പിൻവലിക്കുന്ന യാതോരു പ്രശ്നവുമില്ല. അപ്പം ശരി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios