കോഴിക്കോട്: ഈ വര്‍‌ഷത്തെ നട്‍വര്‍ ഗോപീകൃഷ്ണ നാഷണല്‍ അവാര്‍ഡിന് കോഴിക്കോട് സ്വദേശിയായ ആര്‍ദ്ര എം. അര്‍ഹയായി. 
ഓള്‍ ഇന്ത്യ ഡാന്‍സേഴ്സ്  അസോസിയേഷന്റെ നേതൃത്വത്തില്‍  56 വര്‍ഷമായി നല്‍കി വരുന്ന പുരസ്‌കാരണാണിത്. 56 വര്‍ഷത്തിനിടക്ക്  ഈ അവാര്‍ഡ് കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നര്‍ത്തകിയാണ് പതിനാലുകാരിയായ ആര്‍ദ്ര. 

കോഴിക്കോട് സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആര്‍ദ്ര. ഭരതനാട്യത്തിലെ ഉജ്ജ്വലമായ പ്രകടനത്തിലൂടെയാണ് ആര്‍ദ്ര നട് വര്‍ ഗോപീകൃഷ്ണ അവാര്‍ഡ് സ്വന്തമാക്കിയത്. ഉത്തരാഖണ്ഡിലെ ബിലായില്‍ വച്ചായിരുന്നു ഈ വര്‍ഷത്തെ മത്സരം തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് സൃഷ്ടിച്ച തടസങ്ങള്‍ കാരണം ഓണ്‍ലൈനായി മത്സരം നടത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മലേഷ്യയില്‍ വച്ചായിരുന്നു മത്സരം.

മുംബൈയില്‍ നടന്ന ഓള്‍ ഇന്ത്യ ഡാന്‍സേഴ്സ് അസോസിയേഷന്‍ അഖിലേന്ത്യാ ക്ലാസിക്കല്‍ ഡാന്‍സ് മത്സരത്തില്‍ കുച്ചുപ്പുടിയില്‍ സ്വര്‍ണ മെഡല്‍, എഐഡിഎയുടെ തന്നെ ഇന്റര്‍നാഷണല്‍ ഡാന്‍സ് കോമ്പറ്റീഷനില്‍ ഭരതനാട്യത്തില്‍ നൃത്ത കലാവൈഭവ  പുരസ്‌കാരം എന്നിവ ആര്‍ദ്ര നേടിയിട്ടുണ്ട്.  

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി സെമി ക്ലാസിക, ഫോക്ക് ഡാന്‍സ്  എന്നിവയില്‍ നിപുണയാണ്. കലാമണ്ഡലം വിനോദിനി, ഡോ.ഹര്‍ഷന്‍ സെബാസ്റ്റിയന്‍ ആന്റണി എന്നിവരാണ് ഗുരുക്കന്‍മാര്‍. കോഴിക്കോട് സ്വദേശികളായ ശ്രീജിത്തിന്റെയും ഗ്രീഷ്മയുടെയും മകളാണ്.