''തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ സഹായങ്ങള്‍ക്ക് പുറമേ കൃഷ്ണഗിരി കാവേരി പട്ടണത്തില്‍ നിന്നും  കേരള സഹോദരങ്ങള്‍ക്കായി  സഹായം ചെയ്യണം എന്ന ആഗ്രഹത്തിലാണ് ആവശ്യമായതൊക്കെ നല്‍കാന്‍ തീരുമാനിച്ചത്''

പാലക്കാട് : കേരളത്തിന്‌ കൈത്താങ്ങായി കൃഷ്ണ ഗിരിയില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ 42000 കിലോ അരി ഉള്‍പ്പടെ അവശ്യ സാധനങ്ങള്‍ പാലക്കാടു ജില്ലക്ക് കൈമാറി. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് പാലക്കാട് ഇന്‍ഡോര്‍ മൈതാനത്തില്‍ കൃഷ്ണ ഗിരി എം.എല്‍.എ. കെ.പി മുനുസ്വാമി ദുരിതാശ്വാസ സഹായം പാലക്കാട് കളക്ടര്‍ ബാലമുരളിക്ക് കൈമാറിയത്. അരിക്ക് പുറമേ ഗോതമ്പ് , റവ, ഡ്രൈ ഫ്രൂട്സ്, ശര്‍ക്കര, എണ്ണ, ഉള്‍പ്പടെ ആവശ്യമായ ഭക്ഷ്യ വസ്തുകളും നാപ്കിന്‍, പേസ്റ്റ്, ക്ലീനിംങ്ങിനു ആവശ്യമായവയും സോപ്പ് , ബെഡ് ഷീറ്റ്, ടവല്‍, പാത്രങ്ങള്‍ ഉള്‍പ്പടെയുള്ളവ ഉള്ളവയും ആണ് മൂന്നു ടാറസ് ലോറികളിലായി എത്തിച്ചത്. 

തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ സഹായങ്ങള്‍ക്ക് പുറമേ കൃഷ്ണഗിരി കാവേരി പട്ടണത്തില്‍ നിന്നും കേരള സഹോദരങ്ങള്‍ക്കായി സഹായം ചെയ്യണം എന്ന ആഗ്രഹത്തിലാണ് ആവശ്യമായതൊക്കെ നല്‍കാന്‍ തീരുമാനിച്ചത് എന്നും ദുരിതം മാറി കേരളം പഴയ നിലയിലേക്ക് വരാന്‍ പ്രാര്‍ത്ഥന ഉണ്ടാകുമെന്നും ഒപ്പമുണ്ടാകുമെന്നും മുന്‍ മന്ത്രിയും എ ഐ എ ഡി എം കെ നേതാവുമായ കെ പി മുനുസ്വമി പറഞ്ഞു. 

കൃഷ്ണഗിരി എം പി അശോക്‌ കുമാര്‍ ഒപ്പമുണ്ടായിരുന്നു. മുനുസ്വമി, അശോക്‌ കുമാര്‍ എന്നിവരോട് പാലക്കാട് എം പി എം. ബി. രാജേഷ് കേരളത്തിന്റെ സ്നേഹം അറിയിച്ചു. കളക്ടറുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങിയവ കഞ്ചിക്കോട് ദുരിതാശ്വ കേന്ദ്രത്തില്‍ ഉള്ളവര്‍ക്ക് വിതരണം ചെയ്യുവാനായി ഉടന്‍ തന്നെ മാറ്റി. 

 പ്രളയത്തില്‍ അനേകം പേര്‍ ദുരിതം അനുഭവിക്കുന്നു എന്ന വാര്‍ത്തകളിലൂടെ അറിഞ്ഞ എം.എല്‍.എ യുടെ മകനായ കാര്‍ത്തികേയന്‍ ആണ് ദുരിതം നേരിടുന്ന സ്ഥലങ്ങള്‍ മനസ്സിലാക്കി സഹായം കൈമാറിയത് . ചെങ്ങന്നൂര്‍ , പാണ്ടനാട്‌, റാന്നി, ആറന്മുള എന്നിവിടങ്ങളിലും താമസിയാതെ ഗ്യാസ് അടുപ്പ്, വീട്ടു പാത്രങ്ങള്‍ ഉള്‍പ്പടെ അവശ്യ സാധനങ്ങള്‍ ഇവര്‍ എത്തിക്കും.