കല്‍പ്പറ്റ: വയനാട് ജില്ലയിലെ അമ്പലവയല്‍ കെ.എസ്.ഇ.ബി. സെക്ഷനിലെ കരാര്‍ജീവനക്കാരന്‍ ഷേക്കേറ്റ് മരിച്ചത് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമെന്ന് ആരോപണം. കരാര്‍ ജീവനക്കാരനായ ചെറുവയല്‍ മൂന്നാംപടിയില്‍ സുരേഷ് ബാബു (ഓജോ-39) വ്യാഴാഴ്ചയാണ് മരിച്ചത്. കരാര്‍ ജീവനക്കാര്‍ പണിയെടുക്കുമ്പോള്‍ സ്ഥലത്ത് മേല്‍നോട്ടച്ചുമതലയുള്ള ഓവര്‍സിയറോ സൂപ്പര്‍വൈസറോ മുഴുവന്‍ സമയവും ഉണ്ടാവണമെന്നാണ് കെ.എസ്.ഇ.ബി.യുടെ നിബന്ധന. 

എന്നാല്‍ അപകടസമയത്ത് ഉദ്യോഗസ്ഥര്‍ ആരും സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം.  ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ രാവിലെ പ്രവൃത്തിനടക്കുന്ന കുപ്പക്കൊല്ലിയില്‍ വന്ന് ഉടനെ മടങ്ങിയെത്രേ. അമ്പലവയലില്‍ കെ.എസ്.ഇ.ബി.ക്ക് പുതിയ സെക്ഷന്‍ ഓഫീസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്കിടെയായിരുന്നു അപകടം. ആറ് കരാര്‍ ജീവനക്കാരായിരുന്നു ഇവിടെ പ്രവൃത്തിയിലുണ്ടായിരുന്നത്. ത്രീഫെയ്സ് ലൈന്‍ മാറ്റുമ്പോള്‍ നിലത്തുവെച്ചാണ് സുരേഷ് ബാബുവിന് വൈദ്യുതാഘാതമേറ്റത്.

നിര്‍ധനകുടുംബത്തിലെ ഏക അത്താണിയായിരുന്നു സുരേഷ്. ചെറിയ രണ്ട് കുട്ടികളടങ്ങുന്ന കുടുംബത്തിനൊപ്പം വാടകവീട്ടിലായിരുന്നു താമസം. മരണത്തോടെ കുടുംബം അനാഥമായ അവസ്ഥയിലാണ്. അടിയന്തര പ്രാധാന്യമില്ലാത്ത ജോലിയായിരുന്നു അമ്പലവയലിലേത് എന്നും ആരേപണമുണ്ട്. മഴക്കാലത്ത് അപകടസാധ്യത കൂടുതലാണെന്നതിനാല്‍ ഇത്തരം പണിയെടുപ്പിക്കാറില്ല. 

സാധാരണ പ്രദേശത്തെ വൈദ്യുതിബന്ധം പൂര്‍ണമായും വിച്ഛേദിച്ചാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടക്കുന്നതിനാല്‍ ചെറിയ ഒരു പ്രദേശത്ത് മാത്രം വൈദ്യുതബന്ധം വിച്ഛേദിച്ച് ജോലിയെടുക്കുകയായിരുന്നു. ജോലി ജീവനക്കാരെ ഏല്‍പ്പിച്ചുപോകുന്നതല്ലാതെ കൃത്യമായ മേല്‍നോട്ടം വഹിക്കാന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടാകാറില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. അതേ സമയം സുരേഷ് ബാബുവിന്റെ മരണത്തോടെ അനാഥമായ കുടുംബത്തിന് സര്‍ക്കാര്‍ധനസഹായം ലഭ്യമാക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.